വേഗറാണിമാര്‍ വീണ്ടും ദോഹയിലെത്തുന്നു; ഡയമണ്ട് ലീഗ് സെപ്-25 ന്
ട്രാക്കിലെയും ഫീല്‍ഡിലെയും മുന്‍നിര താരങ്ങള്‍ മീറ്റിനെത്തും
രണ്ട് തവണ ഒളിമ്പിക് ജേത്രിയായ ജമൈക്കയുടെ എലൈന്‍ തോംപ്സണ്‍, 100 മീറ്ററില്‍ നിലവിലെ ലോക മൂന്നാം സ്ഥാനക്കാരി മരിയ ജോസി ടാലൂ, 200 മീറ്റര്‍ മുന്‍ ലോക ജേതാവ് ദഫ്നെ ഷിപ്പേര്‍സ്, തുടങ്ങി ലോകത്തെ വേഗമേറിയ വനിതാ താരങ്ങള്‍ വീണ്ടും ഖത്തറിലെത്തുന്നു. ഈ വരുന്ന സെപ്തംബര്‍ 25 ന് ദോഹയില്‍ വെച്ച് നടക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ നൂറ് മീറ്റര്‍ മത്സരത്തില്‍ മൂന്ന് താരങ്ങളും കൊമ്പുകോര്‍ക്കും.
കഴിഞ്ഞ വര്‍ഷം ദോഹയില്‍ വെച്ച് നടന്ന ലോക അത്ലറ്റിക് മീറ്റിലും മൂന്ന് പേരും പങ്കെടുത്തിരുന്നു. ഇതില്‍ മരിയ ജോസി ടാലൂ വെങ്കലം നേടിയപ്പോള്‍ എലൈന‍് തോംപ്സണ്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഷിപ്പേഴ്സിനാവട്ടെ പരിക്ക് കാരണം ഫൈനലില്‍ ഇറങ്ങാന്‍ കഴിഞ്ഞതുമില്ല. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ നിരാശമാറ്റുകയാണ് ഡയമണ്ട് ലീഗിലേക്കെത്തുമ്പോള്‍ മൂവരുടെയും ലക്ഷ്യം. സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിക്കാനായതിന്‍റെ ആവേശത്തിലാണ് എലൈന്‍ തോസണ്‍ ഡയമണ്ട് ലീഗിനെത്തുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു.മത്സരങ്ങള്‍ വെട്ടിക്കുറച്ച് ചുരുക്കിയ ഫോര്‍മാറ്റിലാണ് ഡയമണ്ട് ലീഗ് നടക്കുന്നത്. ഖത്തര്‍ സ്പോര്‍ട്സ് ക്ലബില്‍ വെച്ച് നടക്കുന്ന ലീഗില്‍ ആകെ 12 മത്സരങ്ങളാണുണ്ടാവുക. വനിതാ വിഭാഗം 100,3000 മീറ്ററുകള്‍, ലോങ് ജംപ്, പുരുഷന്മാരുടെ 200,400,1500 മീറ്ററുകളും പോള്‍വോള്‍ട്ടുമാണ് നടക്കുന്നത്. പുരുഷ വനിതാവിഭാഗത്തിലായി 800 മീറ്റര്‍ പോരാട്ടവും നടക്കും. എല്ലാ മത്സരങ്ങളിലും ലോകത്തിലെ ഏറ്റവും മികച്ച കായിക താരങ്ങളാണ് മാറ്റുരയ്ക്കുക