കോവിഡ് പ്രതിസന്ധിയില്‍ ഖത്തറില്‍ നിന്നും 70,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ ഖത്തര്‍ ഭരണകൂടത്തോടൊപ്പം ഒറ്റക്കെട്ടായി നിന്നു

Update: 2020-09-24 20:35 GMT

കോവിഡ് പ്രതിസന്ധിക്ക് ശേഷം‌ എഴുപതിനായിരം ഇന്ത്യക്കാര്‍ ഇതുവരെ ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തല്‍. കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബാസഡര്‍ പറഞ്ഞു

ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റതിന് ശേഷം ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡോ ദീപക് മിത്തല്‍. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ ഖത്തര്‍ ഭരണകൂടത്തോടൊപ്പം ഒറ്റക്കെട്ടായി നിന്നത് അഭിനന്ദനാര്‍ഹമാണ്. വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ സഹകരണമാണ് പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിച്ചത്.

Advertising
Advertising

ഇതുവരെ എഴുപതിനായിരം ഇന്ത്യക്കാരാണ് പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത്. വന്ദേഭാരത്, വിവിധ ചാർട്ടേർഡ് സര്‍വീസുകള്‍, എയർബബിള്‍ കരാർ അനുസരിച്ചുള്ള സര്‍വീസുകള്‍ തുടങ്ങിയവ വഴി യാത്ര ചെയ്തവരുടെ മൊത്തം എണ്ണമാണിത്. കോവിഡ് മൂലം എത്ര ഇന്ത്യക്കാർ മരിച്ചു എന്ന കൃത്യമായ കണക്കില്ല. ഇരുന്നൂറിലധികം ഇന്ത്യക്കാര്‍ ഈ മാസങ്ങളില്‍ മരിച്ചിട്ടുണ്ട്. എന്നാൽ ഇത് കോവിഡ് മൂലം മാത്രമുള്ള മരണങ്ങളല്ല.

Full View

ഇന്ത്യൻ എംബസിയുടെ കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എംബസിയുടെ സേവനം ആവശ്യമുള്ളവർക്ക് അതിനായി പ്രത്യേകം സൗകര്യം തന്നെ എംബസിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് സെക്രട്ടറി (കൾച്ചർ ആൻറ് എജുക്കേഷൻ) ഹേമന്ദ് കുമാർ ദ്വിവേദി, സെക്കൻറ് സെക്രട്ടറി (ലേബർ ആൻറ് ഇൻഫർമേഷൻ) ഡോ. സോന സോമൻ, അറ്റാഷെ കുൽജീത് സിങ് അറോറ, ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Tags:    

Similar News