ഖത്തറില്‍ കമ്പനികള്‍ക്ക് മെട്രാഷ് ആപ്പ് വഴി തൊഴിലാളികളുടെ ആര്‍പി പുതുക്കാം
ഓട്ടോമാറ്റിക് റിന്യൂവല്‍ സൌകര്യമാണ് ഏര്‍പ്പെടുത്തിയത്
ആഭ്യന്തര മന്ത്രാലയത്തിന്‍റെ പൊതുസേവന ആപ്പായ മെട്രാഷ് ടു വഴിയാണ് കമ്പനികള്‍ക്ക് തൊഴിലാളികളുടെ താമസാനുമതി അഥവാ റെഡിസഡന്‍സി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കാന്‍ അവസരമൊരുക്കുന്നത്. മെട്രാഷ് ടുവില്‍ ഇതിനായി ഏര്‍പ്പെടുത്തിയ പ്രത്യേക ഓപ്ഷനില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനിയിലെ തൊഴിലാളികളുടെ ആര്‍പി കാലാവധി തീരുന്ന പക്ഷം ഓട്ടോമറ്റിക്കായി പുതുക്കപ്പെടും. പുതിയ ഐഡി കാര്‍ഡ് അതത് കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുകയും ചെയ്യും. ഇതിനായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് ഖത്തര്‍ നാഷണല്‍ ബാങ്കില്‍ അക്കൌണ്ട് ഉണ്ടാകണം. ഈ അക്കൌണ്ടില്‍ നിന്നും ഓട്ടോമെറ്റിക്കായി റിന്യൂവല്‍ ഫീസ് ഈടാക്കുകയാണ് ചെയ്യുക.
മെട്രാഷ് ടു ആപ്പിന്‍റെ പുതിയ സേവനങ്ങള്‍ സംബന്ധിച്ച് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ സേവനവിവരങ്ങള്‍ വിശദീകരിച്ചത്. നിലവില്‍ 20 ലക്ഷം ഉപഭോക്താക്കളാണ് മെട്രാഷ് ടു ആപ്പിനുള്ളത്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് എന്നീ ഭാഷകളിലായി 220 സേവനങ്ങളാണ് ആപ്പ് നല്‍കുന്നത്. കാലാവധി തെറ്റാത്ത ഐഡിയും സ്വന്തമായി മൊബൈല്‍ നമ്പറുമുള്ള ആര്‍ക്കും ഈ ആപ്പ് വഴി സേവനങ്ങള്‍ ലഭ്യമാകും