കോവിഡിനെ മെരുക്കാന്‍ ജപ്പാന്‍ നിര്‍മ്മിത മരുന്നെത്തിച്ച് ഖത്തര്‍, ഫലപ്രദമെന്ന് അധികൃതര്‍
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന 1500 പേര്‍ക്ക് രോഗം ഭേദമായി
പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോക്ടര്‍ അസാദ് അഹമ്മദ് ഖലീല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗ ചികിത്സയ്ക്കായി ജപ്പാന്‍ നിര്‍മ്മിച്ചെടുത്ത പുതിയ മരുന്ന് ഖത്തര്‍ സ്വന്തമാക്കിയതായും ഈ മരുന്ന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന 1500 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിട്ടുണ്ട്. എല്ലാവരും രോഗമുക്തി നേടുകയും ചെയ്തു. മരണമുഖത്തുണ്ടായിരുന്ന നിരവധി പേര്‍ ഇതുവഴി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്ലാസ്മ ചികിത്സ വഴിയും ഗുരുതരാവസ്ഥിയിലുള്ള നിരവധി പേര്‍ക്ക് രോഗം ഭേദമായി.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള അഞ്ച് മെഡിക്കല്‍ യൂണിറ്റുകള്‍ സ്വന്തമായി പിസിആര്‍ ടെസ്റ്റ് നടത്താവുന്ന രീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ യൂണിറ്റുകള്‍ വഴി രോഗനിര്‍ണയ ടെസ്റ്റുകള്‍ നടത്തിവരുന്നുണ്ടെന്നും 24 മണിക്കൂറിനകം ഫലം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു