ദോഹ വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി

പരിചരണത്തെ തുടര്‍ന്ന് കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു

Update: 2020-10-29 02:08 GMT

ദോഹ വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടു. മികച്ച പരിചരണത്തെ തുടര്‍ന്ന് കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു

ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ദോഹ ഹമദ് വിമാനത്താവളത്തില്‍ വെച്ച് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച് എയര്‍പോര്‍ട്ടിലെ ഗാര്‍ബേജ് ബോക്സില്‍ മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. സംഭവം വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മികച്ച ചികിത്സയിലൂടെ കുഞ്ഞ് അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ജിസിഒ അറിയിച്ചു.

Advertising
Advertising

Full View

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അങ്ങേയറ്റം ഹീനവും കുറ്റകരവുമായ കൃത്യമാണ് നടന്നിരിക്കുന്നതെന്നും ഇത് ചെയ്തവരെ കണ്ടെത്താനായി പഴുതടച്ച അന്വേഷണ നടപടികള്‍ സ്വീകരിക്കുമെന്നും ജിസിഒ വ്യക്തമാക്കി. അന്നേ ദിവസം പോവുകയും വരികയും ചെയ്ത വിമാനത്തില്‍ യാത്ര ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ നടപടി മൂലം ഏതെങ്കിലും യാത്രക്കാരുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ജിസിഒ പ്രസ്താവനയില്‍ വ്യക്തമാക്കി. അന്വേഷണ പുരോഗതി മറ്റ് രാജ്യങ്ങളുമായി പങ്ക് വെക്കുമെന്നും ദോഹ വഴി സഞ്ചരിക്കുന്ന മുഴുവന്‍ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജിസിഒ വ്യക്തമാക്കി.

Tags:    

Similar News