സൗരോര്‍ജ രംഗത്ത് വന്‍കുതിപ്പിനൊരുങ്ങി ഖത്തര്‍
രാജ്യത്തെ മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ പത്ത് ശതമാനവും സൌരോര്‍ജ്ജം വഴി ലഭ്യമാക്കുകയെന്ന ലക്ഷ്യം വെച്ചാണ് വമ്പന്‍ സോളാര്‍ പ്ലാന്‍റ് നിര്‍മ്മിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സോളാര്‍ ട്രാക്കിങ് സംവിധാനവുമായി സൌരോര്‍ജ്ജ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍. രാജ്യത്തെ മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ പത്ത് ശതമാനവും സൌരോര്‍ജ്ജം വഴി ലഭ്യമാക്കുകയെന്ന ലക്ഷ്യം വെച്ചാണ് വമ്പന്‍ സോളാര്‍ പ്ലാന്‍റ് നിര്‍മ്മിക്കുന്നത്.
നൂതനമായ സാങ്കേതിക വിദ്യയും ലോകത്തെ ഏറ്റവും വലിയ സോളാര്‍ ട്രാക്കിങ് സിസ്റ്റത്തിന്‍റെയും സഹായത്തോടെയാണ് സൌരോര്‍ജ്ജ ഉല്‍പ്പാദന രംഗത്ത് ഖത്തര്‍ പുതിയ കാല്‍വെപ്പിനൊരുങ്ങുന്നത്. സോളാര്‍ എനര്‍ജി രംഗത്തെ ലോകോത്തര കമ്പനിയായ ഐഡീമാടെക്കാണ് ഖത്തറില്‍ വമ്പന്‍ സോളാര്‍ പ്ലാന്‍റ് നിര്‍മ്മിക്കുന്നത്. രാജ്യത്തെ വൈദ്യുതിയാവശ്യത്തിന്‍റെ 10 ശതമാനം സൌരോര്‍ജ്ജം വഴി ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതിയുടെ നിര്‍മ്മാണം.
800 മെഗാവാട്ട് വൈദ്യുതിയാണ് ഈ പ്ലാന്‍റ് വഴി ഐഡിമാടെക് ഖത്തറിന് നല്‍കുക. ദോഹയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ അല്‍ ഖര്‍സാഹിലാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോളാര്‍ പ്ലാന്‍റെന്ന സവിശേഷതയും കൂടി അല്‍ ഖര്‍സാഹ് സ്വന്തമാക്കും. 2022 ഖത്തര്‍ ലോകകപ്പിന് മുമ്പായി മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി പ്ലാന്‍റ് കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഖത്തര്‍ ദേശീയ വിഷന്‍ 2030ന്‍റെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഒറ്റ നിരയിലായി 190 മീറ്റര്‍ നീളത്തിലുള്ള സോളാര്‍ പാനലാണ് പ്ലാന്‍റില്‍ സജ്ജീകരിക്കുക. നിലവില്‍ ഓസ്ട്രേലിയ, ജോര്‍ദ്ദാന്‍, മൊറോക്കോ, യൂറോപ്പ് എന്നിവിടങ്ങളിലായി ഐഡീമാടെക്കിന്‍റെ വമ്പന്‍ സോളാര്‍ പ്ലാന്‍റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരമൊരു പ്രൊജക്ടിനായി തങ്ങള്‍ക്ക് അവസരം നല്‍കിയത് സന്തോഷകരമാണെന്നും ഉത്തരവാദിത്തം നിറഞ്ഞതുമാണെന്നും ഐഡീമാടെക് കമ്പനി സിഇഒ മരിയോ എക്കല്‍ പറഞ്ഞു.