ഖത്തര്‍ ലേബര്‍ റീ എംപ്ലോയ്‍മെന്‍റ് സംവിധാനം എങ്ങനെ? പ്രത്യേക ഗൈഡ് പുറത്തിറക്കി
അറബി, ഇംഗ്ലീഷ് ഭാഷകളിലായി തയ്യാറാക്കിയ ഗൈഡ് ഖത്തര്‍ ചേംബറിന്‍റെ വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഖത്തര്‍ തൊഴില്‍ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കുന്ന ലേബര്‍ റീ എംപ്ലോയ്‍മെന്‍റ് സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്ന് കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി മന്ത്രാലയം പ്രത്യേക ഗൈഡ് പുറത്തിറക്കി. അറബി, ഇംഗ്ലീഷ് ഭാഷകളിലായി തയ്യാറാക്കിയ ഗൈഡ് ഖത്തര്‍ ചേംബറിന്‍റെ വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഖത്തറില്‍ വിദേശി തൊഴിലാളികള്‍ക്ക് യോജിച്ച പുതിയ തൊഴിലിടങ്ങളിലേക്ക് മാറാനും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കാനും വേണ്ടിയാണ് തൊഴില്‍ മന്ത്രാലയം ഖത്തര്‍ ചേംബറിന്‍റെ സഹായത്തോടെ പ്രത്യേക ലേബര്‍ റീ എംപ്ലോയ്‍മെന്‍റ് പ്ലാറ്റ്ഫോം ആരംഭിച്ചത്. പ്ലാറ്റ്ഫോമില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ട വിധം, പ്ലാറ്റ്ഫോം എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നീ കാര്യങ്ങളില്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തത നല്‍കുന്നതിന് വേണ്ടിയാണ് ഖത്തര്‍ ചേമ്പര്‍ പുതിയ ഓണ്‍ലൈന്‍ ഗൈഡ് പുറത്തിറക്കിയത്. അറബി ഇംഗ്ലീഷ് ഭാഷകളിലായുള്ള ഗൈഡ് ഖത്തര്‍ ചേംബറിന്‍റെ വെബ്‍സൈറ്റിലും ട്വിറ്റര്‍ ഫേസ്‍ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ പ്ലാറ്റ്ഫോമില്‍ സമര്‍പ്പിക്കുന്ന അവരവരുടെ ബയോഡാറ്റകള്‍ പരിശോധിച്ച് അവരില്‍ നിന്നും തങ്ങളുടെ പ്രോജക്ടിനും ബിസിനസിനും അനുയോജ്യരായവരെ നോക്കി തെരഞ്ഞെടുക്കുന്ന രീതികളാണ് ഗൈഡില്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍ തന്നെ രാജ്യത്തെ നിലവിലുള്ളതും തുടങ്ങാനിരിക്കുന്നതുമായ മുഴുവന്‍ കമ്പനികളോടും ഈ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.