ഖത്തറിലെ കോവിഡ് കാല സേവനം: മീഡിയവണ്‍ മൈക്രോ ഹെല്‍ത്ത് ലാബ് 'ബ്രേവ് ഹാര്‍ട്ട്സ്' അവാര്‍ഡുകള്‍ക്കുള്ള നോമിനേഷന്‍ ക്ഷണിച്ചു

മൊത്തം പതിനഞ്ച് അവാര്‍ഡുകള്‍, ഈ മാസം 20 വരെ നോമിനേഷന്‍ നല്‍കാം

Update: 2020-11-07 16:28 GMT

ഖത്തറില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മീഡിയവണ്‍ ടിവി ബ്രേവ് ഹാര്‍ട്ട്സ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നു. ഖത്തര്‍ ആസ്ഥാനമായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുമായി സഹകരിച്ചാണ് ബ്രേവ് ഹാര്‍ട്ട്സ് പുരസ്കാരങ്ങള്‍ ഒരുക്കുന്നത്. കോവിഡ് കാലത്ത് പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും വിവിധ തരത്തിലുള്ള സഹായങ്ങളെത്തിച്ച, സാന്ത്വനം പകര്‍ന്ന സംഘടനകള്‍ക്കും വ്യക്തിത്വങ്ങള്‍ക്കുമാണ് പുരസ്കാരം. മൊത്തം 15 അവാര്‍ഡുകളാണ് നല്‍കുന്നത്. പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിക്കുക.

Advertising
Advertising

braveheartsqatar@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് നോമിനേഷനുകള്‍ അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു സംഘടനയെയും വ്യക്തിയെയും നോമിനേറ്റ് ചെയ്യാം. കോവിഡ് കാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങളുടെ ചെറിയ വിവരണത്തിനൊപ്പം അതിന്‍റെ വീഡിയോയോ ഫോട്ടോകളോ ഉണ്ടെങ്കില്‍ കൂടെ സമര്‍പ്പിക്കണം. വിവരണത്തിനൊപ്പം അയക്കുന്നയാളുടെ ഖത്തര്‍ ഐഡിയുള്‍പ്പെടെ പേര് വിവരങ്ങള്‍ ചേര്‍ക്കണം. ഖത്തറിലുള്ളവര്‍ക്ക് മാത്രമേ നോമിനേഷന്‍ നല്‍കാന്‍ പാടുള്ളൂ. ഈ മാസം ഇരുപത് വരെയാണ് നോമിനേഷന്‍ കാലയളവ്. ലഭിച്ച നോമിനേഷനുകള്‍ പരിഗണിച്ച് ഖത്തറിലെ പ്രവാസി സാമൂഹ്യസാംസ്കാരിക ആരോഗ്യമേഖലകളിലെ പ്രമുഖര്‍ ഉള്‍ക്കൊള്ളുന്ന ജൂറി പുരസ്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കും. നവംബര്‍ 27 ന് മീഡിയവണ്‍ ടിവിയിലൂടെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. കേരളത്തിലെ ഭരണ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദോഹയില്‍ ഒരുക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മീഡിയവണ്‍ ഖത്തര്‍ ഭാരവാഹികള്‍ ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മീഡിയവണ്‍, മാധ്യമം ഖത്തര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, ബ്രേവ്ഹാര്‍ട്ട്സ് ഖത്തര്‍ മുഖ്യ പ്രായോജകരായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറി സിഇഒ ഡോ നൌഷാദ് സി കെ, മീഡിയവണ്‍ ടിവി ഖത്തര്‍ ബ്യൂറോ ഇന്‍ചാര്‍ജ്ജ് സൈഫുദ്ദീന്‍ പിസി, മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍, ഈവന്‍റ് ഓര്‍ഗനൈസര്‍ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Tags:    

Similar News