ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തറില്‍ ക്വാറന്‍റൈന്‍ രണ്ട് ഹോട്ടലുകളില്‍ മാത്രം
ഈ ഹോട്ടലുകളില്‍ മറ്റു രാജ്യക്കാര്‍ക്ക് ബുക്കിങ് നല്‍കില്ല
കോവിഡ് വൈറസിന്‍റെ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും വരുന്നവരുടെ ക്വാറന്‍റൈന്‍ നടപടികളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാരെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി രണ്ട് പ്രത്യേക ഹോട്ടലുകള്‍ സജ്ജീകരിച്ചതായി ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു. ഈ ഹോട്ടലുകളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രവേശിപ്പിക്കില്ല. ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, മെര്‍കുറെ ഗ്രാന്‍റ് ദോഹ എന്നീ ഹോട്ടലുകളാണ് ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമായി നീക്കിവെച്ചത്. ഇന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ഡിസംബര്‍ 23 ബുധന്‍ രാവിലെ ആറ് മണിക്കുള്ളിലായി ബ്രിട്ടനില്‍ നിന്നും ഖത്തറിലെത്തുന്നവര്‍ മറ്റേതെങ്കിലും ഹോട്ടലുകളിലാണ് ബുക്കിങ് നടത്തിയിട്ടുള്ളതെങ്കില്‍ ഓട്ടോമെറ്റിക്കായി അവരുടെ റിസര്‍വേഷന്‍ നേരത്തെ പറഞ്ഞ രണ്ട് ഹോട്ടലുകളിലേക്ക് മാറുമെന്ന് ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു. നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിനേക്കാള്‍ നിരക്ക് കുറവാണ് ഈ ഹോട്ടലുകളിലെങ്കില്‍ ആ പണം തിരികെ ലഭിക്കാനായി യാത്രക്കാരന് അപേക്ഷ നല്‍കാം.
അതെ സമയം കോവിഡ് രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധികള്‍ ഇന്നലെ അറിയിച്ചിരുന്നു. ബ്രിട്ടന്‍ ഇറ്റലി ഉള്‍പ്പെടെ നിലവില്‍ കോവിഡ് രണ്ടാം തരംഗഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളെ നേരത്തെ തന്നെ ഖത്തറിന്‍റെ കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.