ഖത്തര്‍ അമീറിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് പ്രധാനമന്ത്രി, ക്ഷണം സ്വീകരിച്ച് അമീര്‍

വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കറാണ് ക്ഷണക്കത്ത് കൈമാറിയത്

Update: 2020-12-28 18:29 GMT

ഔദ്യോഗിക സന്ദര്‍നാര്‍ത്ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അമീറിനയച്ച കത്ത് ഡോ ജയശങ്കര്‍ കൈമാറി. ക്ഷണക്കത്ത് സ്വീകരിച്ച അമീര്‍ വൈകാതെ തന്നെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സഹായത്തിനും കരുതലിനും പ്രധാനമന്ത്രി അമീറിന് നന്ദിയര്‍പ്പിച്ചു.

തുടര്‍ന്ന് മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ വസതിയിലെത്തിയ ഡോ ജയശങ്കര്‍ അദ്ദേഹവുമായി സൌഹൃദ സംഭാഷണം നടത്തി. ഇന്ത്യയും ഖത്തറും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സൌഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ നല്‍കിയ നിര്‍ണായക സംഭാവനകള്‍ക്ക് ഡോ ജയശങ്കര്‍ നന്ദിയര്‍പ്പിച്ചു.

Advertising
Advertising

പിന്നീട് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയുമായും ഡോ ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. വാണിജ്യം, സുരക്ഷ, നിക്ഷേപം തുടങ്ങി മേഖലകളില്‍ സഹകരണം ശക്തമാക്കുന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനിയുമായി ഡോ ജയശങ്കര്‍ ചര്‍ച്ച നടത്തി. ഊര്‍ജ്ജം, നിക്ഷേപം, വ്യാപാരം, ഭക്ഷ്യസംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങി മേഖലകളിലായി സഹകരണം ശക്തമാക്കുന്നതിനായുള്ള വിശദമായ ചര്‍ച്ച ഈ കൂടിക്കാഴ്ച്ചയിലുണ്ടായി. ഇരു രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘവും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഇന്ത്യാ ഖത്തര്‍ സംയുക്ത സമിതിയുടെ യോഗത്തിനായി ഖത്തര്‍ വിദേശകാര്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കുന്നതായും ഡോ ജയശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് രണ്ട് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഇന്ത്യയിലേക്ക് മടങ്ങി

Tags:    

Similar News