കുത്തിവെപ്പ് എടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് ഖത്തറില്‍ ക്വാറന്‍റൈനുണ്ടാകാന്‍ സാധ്യത
വിഷയത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം
ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് തിരികെയെത്തുമ്പോള്‍ ക്വാറന്‍റൈന്‍ വേണ്ടി വരുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്ന് വാക്സിനേഷന്‍ വിഭാഗം മേധാവി വ്യക്തമാക്കി. നിലവില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്ക് ഖത്തറിലേക്ക് തിരികെയെത്തുമ്പോള്‍ ക്വാറന്‍റൈന്‍ വേണ്ടതില്ല. എന്നാല്‍ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പിന് യോഗ്യതയില്ലാത്തതിനാല്‍ ഇവരുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രാലയത്തിലെ വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്ത്. ഇക്കാര്യത്തില്‍ വിദഗ്ദ്ധ പഠനം നടന്നുവരികയാണ്. നിലവിലെ സാധ്യതയനുസരിച്ച് കുട്ടികളെ ഏഴ് ദിവസം പുറത്തു വിടാതെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാമെന്ന് കാണിച്ച് രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കേണ്ടി വരും. പതിനാറ് വയസ്സിന് മുകളിലുള്ള കുട്ടികളാണെങ്കില്‍ അവര്‍ക്ക് നിര്‍ബന്ധ ഹോം ക്വാറന്‍റൈനും രക്ഷിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം ഒരാഴ്ച്ച ക്വാറന്‍റൈനില്‍ കഴിയേണ്ടിയവും വരും.
രക്ഷിതാക്കളില്‍ ഒരാള്‍ക്ക് മാത്രമാണ് കുത്തിവെപ്പ് എടുത്തതെങ്കില്‍ എല്ലാവരും ഹോം ക്വാറന്‍റൈനില്‍ കഴിയണം. കുത്തിവെപ്പ് എടുത്തവര്‍ക്ക് എത്ര കാലം കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷിയുണ്ടാകുമെന്ന ചോദ്യത്തില്‍ നിലവില്‍ മൂന്ന് മാസം വരെയാണ് സാധ്യതയെന്നും പുതിയ പഠനങ്ങള്‍ പുറത്തുവരുന്ന മുറയ്ക്ക് മാറ്റങ്ങള്‍ വന്നേക്കാമെന്നും അവര്‍ സൂചിപ്പിച്ചു. ഗര്‍ഭിണികള്‍ക്കോ മുലയൂട്ടുന്ന അമ്മമാര്ക്കോ കുത്തിവെപ്പ് കൊണ്ട് ശാരീരിക പ്രശ്നങ്ങളുണ്ടാകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഡോ സോഹ അല്‍ ബയാത്ത് സൂചിപ്പിച്ചു