സൗദിയിൽ വിദേശികൾക്ക് തൊഴിൽ നഷ്ടം; മൂന്ന് മാസത്തിനിടെ രണ്ടര ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു

കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 10.46 ദശലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുണ്ടായിരുന്നത്

Update: 2021-01-25 02:12 GMT
Advertising

സൗദിയിൽ മൂന്ന് മാസത്തിനിടെ രണ്ടര ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. എന്നാൽ ഇതേ കാലയളവിൽ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തി. വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം പൂർത്തിയാകുന്നതോടെ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 10.46 ദശലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം 10.2 ദശലക്ഷം വിദേശ തൊഴിലാളികൾ മാത്രമേ സൗദിയിലുള്ളൂ. അതായത്, മൂന്ന് മാസത്തിനിടെ 2,57,200 ഓളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരും, ഗാർഹിക തൊഴിലാളികളും, കൃഷി തൊഴിലാളികളുമുൾപ്പെടും.

ഇതോടെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടര ശതമാനത്തിന്‍റെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതേ കാലയളവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. 15.4 ശതമാനമുണ്ടായിരുന്ന സ്വദേശികളിലെ തൊഴിൽ രഹിതരുടെ തോത് 14.9 ശതമാനമായി കുറഞ്ഞു. നിലവിൽ സ്വദേശികൾക്കിടയിൽ 7.9 ശതമാനം പുരുഷന്മാരും, 30.2 ശതമാനം വനിതകളും തൊഴിൽ രഹിതരാണ്. വിവിധ മേഖലകളിൽ സ്വദേശി വൽക്കരണം ശക്തമായി തുടരുന്നതിനാൽ വരും കാലങ്ങളിൽ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് സൂചന.

Tags:    

Similar News