സൗദിയിൽ പരിഷ്‌കരിച്ച തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍
തൊഴിൽ മേഖലയിൽ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ചരിത്രപരമായ മാറ്റത്തിനാണ് തുടക്കമായത്
സൗദിയിൽ പരിഷ്‌കരിച്ച തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായി. തൊഴിൽ മേഖലയിൽ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ചരിത്രപരമായ മാറ്റത്തിനാണ് ഇന്ന് തുടക്കമായത്. ഒരു കോടിയിലേറെ വരുന്ന വിദേശികൾക്ക് പുതിയ തൊഴിൽനിയമം ഏറെ ആശ്വാസമാകും. പതിറ്റാണ്ടുകളായി സൌദിയിൽ നിലനിന്ന് പോന്നിരുന്ന തൊഴിൽ നിയമത്തിനാണ് ഇന്ന് മുതൽ മാറ്റം സംഭവിച്ചത്.
വിദേശ തൊഴിലാളികൾക്ക് നേരിട്ട് ഗുണം ചെയ്യുന്ന നിരവധി പ്രധാന വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിലായി. സ്പോണ്‍സറുടെ അനുമതിയോടെ മാത്രം നേടാമായിരുന്ന, എക്സിറ്റ്-റീ എൻട്രി വിസ, തൊഴിൽ മാറ്റം, സ്പോണ്‍സർഷിപ്പ് മാറ്റം തുടങ്ങി നിരവധി കാര്യങ്ങൾ ഇന്ന് മുതൽ പ്രവാസികൾക്ക് സ്വന്തമായി ചെയ്യാം.
ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സൌദി തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചത്. പുതിയ മാറ്റം പ്രാദേശിക തൊഴിൽ വിപണിയിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കും. ഇതിലൂടെ രാജ്യത്ത് വിദേശ നിക്ഷേപം ഉയർത്തുകയും, സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുയും ചെയ്യുമെന്നുമാണ് പ്രതീക്ഷ.
ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ മാറ്റത്തെ ഏറെ സന്തോഷത്തോടെയാണ് സൌദിയിലെ വിദേശ തൊഴിലാളികൾ സ്വീകരിക്കുന്നത്. ഗാർഹിക തൊഴിലാളികൾക്ക് ഇപ്പോൾ ഈ മാറ്റം ബാധകമല്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.