സൗദി അറേബ്യ അതിര്‍ത്തികള്‍ തുറന്നു
വിമാനങ്ങളിൽ സ്വദേശികൾക്കും വിദേശികൾക്കും ഇന്ന് മുതൽ വീണ്ടും സൗദിയിലെത്താം.
സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിർത്തികളും തുറന്നു. വിമാനങ്ങളിൽ സ്വദേശികൾക്കും വിദേശികൾക്കും ഇന്ന് മുതൽ വീണ്ടും സൗദിയിലെത്താം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യത്ത് നിന്നുള്ളവർ സൗദിയിലെത്തിയാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.
ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീതിയെ തുടർന്നാണ് സൗദി അറേബ്യ അതിർത്തികൾ അടച്ചത്. ഇതുവരെ സൗദിയിൽ ഈ ഗണത്തിൽ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ രണ്ടാഴ്ചക്ക് ശേഷം ഇന്ന് മുതൽ സൗദിയിലേക്ക് വിദേശികൾക്കും സ്വദേശികൾക്കും മടങ്ങാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്നവർ സൗദിയിൽ പ്രവേശിക്കുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിന് ശേഷം 14 ദിവസം ക്വാറന്റൈനിൽ കഴിയണം. 14 ദിവസത്തിനുള്ളിൽ രണ്ട് തവണ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണം.
ബാക്കിയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്നവർ നിലവിലുള്ള പ്രോട്ടോകോൾ പാലിക്കണം. അതായത് ഏഴ് ദിവസം ക്വാറന്‍റൈനിൽ തുടരുക, അല്ലെങ്കിൽ മൂന്ന് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുക. ഇത് പാലിച്ച് പ്രവാസികൾക്ക് പുറത്തിറങ്ങാം.
എന്നാൽ ഇന്ത്യയിൽ നിന്നും വിമാനങ്ങൾ നേരിട്ട് സർവീസ് നടത്തുന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. യാത്രാ നിരോധ പട്ടികയില്‍ നിന്നും ഇന്ത്യയെ നീക്കിയാൽ മാത്രമേ പ്രവാസികൾക്ക് നേരിട്ട് സൗദിയിലെത്താനാകൂ. വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ട് ചർച്ചകൾ അവസാന ഘട്ടത്തിലാണ്.