സൗദി; സ്കൂള്‍ സ്വദേശിവത്കരണത്തിന് സാവകാശം നല്‍കണമെന്ന് നിക്ഷേപകര്‍

വിദേശത്തുനിന്ന് വിദഗ്ദരെ നിയമിക്കുമ്പോള്‍ അവരോട് കരാര്‍ ചെയ്ത കാലാവധിക്ക് മുമ്പ് പിരിച്ചയച്ചാല്‍ കരാര്‍ കാലത്തെ വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാവും

Update: 2018-10-05 18:31 GMT

സൗദിയില്‍ സ്വകാര്യ സ്കൂളുകളിലെ സ്വദേശിവത്കരണത്തിന് രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കണമെന്ന് നിക്ഷേപകര്‍. നിലവിലെ വിദേശ ജോലിക്കാരുടെ കരാര്‍ അവസാനിക്കുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്ന് തൊഴില്‍-വിദ്യാഭ്യാസ മന്ത്രാലയത്തോട് ഇവര്‍ ആവശ്യപ്പെട്ടു. പരിചയസമ്പന്നരല്ലാത്തവരെ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

സൗദിയിലെ സ്വകാര്യ-അന്താരാഷ്ട്ര സ്കൂളുകളിലെ ഓഫീസ് ജോലികളില്‍ രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. നിര്‍ദേശം വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധിയും ഭാരിച്ച സാമ്പത്തിക നഷ്ടവും വരുത്തിവെക്കുമെന്ന് നിക്ഷേപകര്‍ പറഞ്ഞു.

Advertising
Advertising

വിദേശത്തുനിന്ന് വിദഗ്ദരെ നിയമിക്കുമ്പോള്‍ അവരോട് കരാര്‍ ചെയ്ത കാലാവധിക്ക് മുമ്പ് പിരിച്ചയച്ചാല്‍ കരാര്‍ കാലത്തെ വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാവും. രണ്ട് മാസത്തിനകം കരാര്‍ അവസാനിപ്പിച്ച് ഇത്തരം ഉദ്യോഗസ്ഥരെ പിരിച്ചയക്കാനാവില്ല. ഇത് സ്വകാര്യ സ്കൂളുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയും നിയമപരമായ പ്രശ്നങ്ങളും വരുത്തിവെക്കും. കൂടാതെ പുതുതായി ബിരുദമെടുത്ത് പുറത്തിറങ്ങിയ സ്വദേശികളെ പ്രിന്‍സിപ്പല്‍ പോലുള്ള തസ്തികയില്‍ നിയമിക്കുന്നതും പ്രായോഗികമല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ദീര്‍ഘകാല പരിചയവുമുള്ളവരെയാണ് ഇത്തരം തസ്തികയില്‍ നിയമിക്കാറുള്ളത്. അതേസമയം അദ്ധ്യാപക തസ്തികയില്‍ സ്വദേശികളെ നിയമിക്കുന്നത് സാമ്പത്തികമായി ലാഭകരമായിരിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

Full View

റിക്രൂട്ടിങ്, ടിക്കറ്റ്, ഇന്‍ഷൂറന്‍സ് തുടങ്ങി വിദേശി അദ്ധ്യാപകര്‍ക്ക് ആവശ്യമായ നിരവധി ചെലവുകള്‍ സ്വദേശികളെ നിയമിക്കുന്നതിലൂടെ ലാഭിക്കാനാവുമെന്നും തൊഴില്‍ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മതിയായ സമയം ഇതിനാവശ്യമാണെന്ന് ഇവര്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.

Tags:    

Similar News