ഇന്ത്യ- സൗദി ഹജ്ജ് കരാർ വ്യാഴാഴ്ച ഒപ്പുവെക്കും
ഗ്രീൻ കാറ്റഗറി ഇനിയില്ല, ഹറമൈൻ ട്രെയിന്‍ ആവശ്യപ്പെടും
ഇന്ത്യ- സൗദി ഹജ്ജ് കരാർ വ്യാഴാഴ്ച ഒപ്പുവെക്കും. ഇന്ത്യൻ ഹജ്ജ് മിഷനുവേണ്ടി കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയായിരിക്കും കരാറിൽ ഒപ്പുവെക്കുക. ഹറമൈൻ അതിവേഗ ട്രെയിന്‍ യാത്രാ സൗകര്യം ഇന്ത്യ ആവശ്യപ്പെടും.
വ്യാഴാഴ്ച ഹജ്ജ് മന്ത്രാലയ ഓഫീസിൽ വെച്ചാണ് ഹജ്ജ് കരാറിൽ ഒപ്പുവെക്കുന്നത്. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിക്ക് പുറമെ ഇന്ത്യയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കോണ്‍സുലേറ്റ് അധികൃതരും ചടങ്ങിൽ സംബന്ധിക്കും. ഹറമൈൻ അതിവേഗ ട്രൈനിൽ ഇന്ത്യൻ തീർത്ഥാടകർക്ക് യാത്രാ സൗകര്യം ലഭ്യമാക്കണമെന്ന് ഇന്ത്യൻ സംഘം ആവശ്യപ്പെടും. ഹജ്ജിന് കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ഇന്ത്യൻ ഹജ്ജ് മിഷൻ ആരംഭിച്ചു കഴിഞ്ഞു. ഹജ്ജ് ക്വാട്ട ഉയർത്തണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നൽ ഈ വർഷം ഹജ്ജ് അപേക്ഷകരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇക്കാര്യവും കരാർ വേളയിൽ ചർച്ച ചെയ്യും. ശേഷം ഇന്ത്യൻ കോണ്‍സുൽ ജനറൽ മാധ്യമങ്ങളെ കാണുമെന്ന് കോണ്‍സുലേറ്റ് അധികൃതർ അറിയിച്ചു.