സൗദിയില്‍ പുതിയ ഇ-വിസ; ഷെന്‍ഗണ്‍ രാജ്യങ്ങള്‍ക്ക് പുറമെ എട്ട് രാജ്യങ്ങള്‍ക്ക് കൂടി വിസ അനുവദിക്കും
ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ച് സൗദിയില്‍ അതിവേഗ ഇ-വിസകള്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുവദിക്കും. ഷെന്‍ഗണ്‍ രാജ്യങ്ങള്‍ക്ക് പുറമെ എട്ട് രാജ്യങ്ങള്‍ക്ക് കൂടി വിസ അനുവദിക്കും. ഫോര്‍മുല-ഇ കാറോട്ട മത്സരത്തിനും സമാന രീതിയില്‍ വിസയനുവദിച്ചിരുന്നു.
സാധാരണ വിസക്കുള്ള നടപടികളോ കാലതാമസമോ വേണ്ടാത്ത വിസകളാണ് ഇ-വിസകള്‍. വിമാന ടിക്കറ്റിനൊപ്പം അപേക്ഷിച്ച് മിനിറ്റുകള്‍ക്കകം വിസ ലഭ്യമാകും. ഇവയാണ് ഷെന്‍ഗണ്‍ ഉള്‍പ്പെടെ 34 രാജ്യങ്ങള്‍ക്ക് അനുവദിക്കാന്‍ പോകുന്നത്. പാസ്പോര്‍ട്ടില്ലാതെ പരസ്പരം സഞ്ചരിക്കാവുന്ന യൂറോപ്പിലെ 26 രാജ്യങ്ങളാണ് ഷെന്‍ഗണ്‍ രാജ്യങ്ങള്‍. ഇവക്ക് പുറമെ, യു.എസ്, ഓസ്ട്രേലിയ, ജപ്പാന്‍, സൗത്ത് കൊറിയ, സൗത്താഫ്രിക്ക, ബ്രൂണായ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കും ഇ-വിസ അനുവദിക്കാനാണ് പദ്ധതി. നേരത്തെ ഫോര്‍മുല-ഇ കാറോട്ട മത്സരത്തിനായി ഇ-വിസകള്‍ 80 രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്നു. പതിനാല് ദിവസത്തേക്ക് അനുവദിച്ച ഇ-വിസകള്‍ക്ക് 640 റിയാലായിരുന്നു വില. വിമാന ടിക്കറ്റ് നിരക്ക് വേറെയും. എങ്കിലും അതിവേഗം സൗദിയില്‍ എത്താനാഗ്രഹിക്കുന്നവര്‍ക്ക് ഈ വിസ ഗുണമാകും. ഏഷ്യയില്‍ രണ്ട് രാജ്യങ്ങള്‍ക്കനുവദിച്ച സൗകര്യം പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും.