സൗദിയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കം
കഴിഞ്ഞ സെപതംബറില്‍ തുടക്കം കുറിച്ച ചെറുകിട വിപണന സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണം ഇതോടെ പൂര്‍ണ്ണമായും പ്രാബല്യത്തിലാകും.
സൗദിയില്‍ പന്ത്രണ്ട് മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കമാകും. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും ഇതോടെ സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.
നാളെ മുതല്‍ അഞ്ചു മേഖലകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുക. കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സ്, കാര്‍പ്പെറ്റുകള്‍, ചോക്ലേറ്റ് തുടങ്ങിയ വിപണന സ്ഥാപനങ്ങളും ബേക്കറികളും എന്നിവിടങ്ങളിലാണ് സ്വദേശിവല്‍ക്കരണം. എഴുപത് ശതമാനം സ്വദേശികളും മുപ്പത് ശതമാനം വിദേശികളും എന്നതാണ് അനുപാതം. ഇവയില്‍ മലയാളികള്‍ ഏറെ ജോലി ചെയ്യുന്നിടമാണ് കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍. പലരും പതിറ്റാണ്ടുകളായി ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നവരാണ്. പുതിയ മേഖലകള്‍ അന്വേഷിച്ച് കണ്ടെത്തുക എന്നതും പ്രയാസമാണ്. കഴിഞ്ഞ സെപതംബറില്‍ തുടക്കം കുറിച്ച ചെറുകിട വിപണന സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണം ഇതോടെ പൂര്‍ണ്ണമായും പ്രാബല്യത്തിലാകും.