സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം അഞ്ചായി
സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നു പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ ഇറാനില്‍ നിന്ന് കുവൈത്ത് വഴിയെത്തിയ ദമ്പതികളാണ്. കൊറോണ സ്ഥിരീകരിച്ച അഞ്ചു പേരും സൗദി പൌരന്മാരാണ്. ഭയപ്പെടാതെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.
സൗദിയില്‍ സ്ഥീരീകരിച്ച കോവിഡ് 19 രോഗികളായ അഞ്ച് പേരും ഇറാനില്‍ നിന്നെത്തിയവരാണ്. ആദ്യത്തെ രോഗം സ്ഥിരീകരിച്ചത് ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴി കാറിലെത്തിയ ആള്‍ക്കാണ്. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് സ്വദേശിയാണ് ഇദ്ദേഹം. ഇയാളുടെ കൂടെ കാറില്‍ സഞ്ചരിച്ച രണ്ടാമത്തെയാള്‍ക്ക് ഇന്നലെയും മൂന്നാമത്തെയാള്‍ക്ക് ഇന്നും കോവിഡ് 19 സ്ഥിരീകരിച്ചു. നാലമത്തെയാള്‍ ഇറാനില്‍ നിന്നും കുവൈത്ത് വഴിയാണ് സൗദിയിലെത്തിയത്. ഇയാള്‍ വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യക്കും കൊറോണ പടരുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇങ്ങിനെ അഞ്ചു പേരാണിപ്പോള്‍ ഐസൊലേഷനില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ചികിത്സയിലാണ്. കൊറോണ സ്ഥീരീകരിച്ചവര്‍ക്കെല്ലാം ഇത് പടര്‍ന്നത് ഇറാനില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. ഭീതിപ്പെടാതെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.