കോവിഡ് 19: പ്രതിരോധ നടപടികള്‍ ശക്തമാക്കി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Update: 2020-03-05 21:29 GMT

കോവിഡ് 19 ബാധ സ്ഥിരീകരിച്ചവുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രതിരോധ നീരീക്ഷണ നടപടികള്‍ അതോറിറ്റി ശക്തമാക്കിയത്.

കോവിഡ് 19 വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ സത്വര പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപകമായ രാജ്യങ്ങളില്‍ നിന്നും നേരിട്ടും അല്ലാതെയും എത്തുന്ന എല്ലാ വിമാന സര്‍വീസുകളിലെയും യാത്രക്കാരെ കര്‍ശന മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഒപ്പം യാത്രക്കാരുടെ മുന്‍ യാത്രാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കിയ ശേഷം ഓരോ തവണയും അണുവിമുക്തമാക്കിയാണ് തുടര്‍ യാത്ര അനുവദിക്കുന്നത്. വൈമാനിക ജീവനക്കാര്‍ക്കും വിമാനത്താവളങ്ങളിലെ ജോലിക്കാര്‍ക്കും അണുവിമുക്തമാകുന്നതിനുള്ള സൗകര്യങ്ങളും മെഡിക്കല്‍ പരിശോധനകളും അതത് വിമാനത്താവളങ്ങളില്‍ നല്‍കി വരുന്നതായും അതോറിറ്റി അറിയിച്ചു. വിമാന താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കോറോണ ബോധവല്‍ക്കരണ കാമ്പയിനും സംഘടിപ്പിച്ചു വരുന്നുണ്ട്. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിദേശ എയര്‍ലൈന്‍ കമ്പനികള്‍ക്കും കോറോണ പ്രതിരോധ നടപടികളെ കുറിച്ച് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രകാര്‍ക്കിടയില്‍ സംശയാസ്പദമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കുറിച്ചുള്ള വിവരം രഹസ്യമായി അതികൃതരെ അറിയിക്കുന്നതിനും സംവിധാനമേര്‍പ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

Tags:    

Similar News