കോവിഡ് 19: വിമാന യാത്രക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത പിഴ ചുമത്തുമെന്ന് സൗദി
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ തങ്ങളുടെ ആരോഗ്യ യാത്രാ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ കടുത്ത പിഴ ചുമത്തും. യാത്രക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ രാജ്യത്തേക്കെത്തുന്ന യാത്രക്കാരുടെ വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ചേര്‍ന്ന് ശേഖരിക്കുന്നത്. ഈ ഘട്ടത്തില്‍ യാത്രക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ വിവരം കൈമാറാതെ കടന്നു കളയുകയോ ചെയ്യുന്നത് കുറ്റകരമായി പരിഗണിച്ചാണ് നടപടി സ്വീകരിക്കുക. വിവരങ്ങള്‍ യാത്രയുടെ തുടക്കത്തില്‍ തന്നെ വിമാന കമ്പനി അധികൃതര്‍ക്ക് കൈമാറണമെന്നും പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. അനാസ്ഥ വരുത്തുന്നവരെ പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കും. ഗൗരവമനുസരിച്ച അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങള്‍ വഴി സൗദിയില്‍ എത്തുന്നവര്‍ വിവരങ്ങള്‍ മറച്ചുവെക്കാന്‍ പാടില്ലെന്നും രാജ്യത്തിന്റെ സുരക്ഷയില്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കൂട്ടിചേര്‍ത്തു.