കോവിഡ് 19: സൗദിയിലെ അവധി ഇന്ത്യന്‍ സ്കൂളുകളിലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളെ ബാധിക്കില്ല
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് ഇന്ത്യന്‍ സ്കൂളുകളിലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളെ ബാധിക്കില്ല. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം അതത് തിയ്യതികളില്‍ നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ന് മുതല് മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു. വൈറസ് നിയന്ത്രണ വിധേയമാകുന്നത് വരെ അനിശ്ചിതമായാണ് അവധി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടക്കാനിരിക്കേയാണ് അവധി നിലവില്‍ വന്നത്. എന്നാല്‍ സി.ബി.എസ്.ഇ നടത്തുന്ന ബോര്‍ഡ് പരീക്ഷകള്‍ക്ക് രാജ്യത്ത് പ്രഖ്യാപിച്ച പൊതു അവധിയില്‍ ഇളവു നല്‍കിയതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള തിയ്യതികളില്‍ അതാത് സ്കൂളുകളില്‍ വെച്ച് നടക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിനുള്ള മതിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചായിരിക്കും പരീക്ഷ നടത്തുക. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ എത്തുന്നതിന് പ്രത്യേക അനുമതി തേടിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്പെഷല്‍ അനുമതിക്കായി സ്കൂളിനെ സമീപിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ നടത്തുന്ന മറ്റു ക്ലാസുകളിലെ പരീക്ഷകള്‍ അവധിക്ക് ശേഷം പുതിയ സമയക്രമം അനുസരിച്ച് നടത്തും.