കോവിഡ് നിയന്ത്രണങ്ങളില്‍ വിജനമായി സൗദിയുടെ കിഴക്കന്‍ പ്രവിശ്യകള്‍
പ്രവിശ്യയിലെ ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ തുടങ്ങിയ നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ നഗരങ്ങളും റോഡുകളും വിജനമായി. ജന സമ്പര്‍ക്കം കുറക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെ സ്ഥാപനങ്ങള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ഗതാഗത നിയന്ത്രണവും നിലവില്‍ വന്നതോടെ ഇവിടങ്ങളിലേക്കുള്ള ആളുകളുടെ വരവ് നിലച്ചു. ഇതിനിടെ പ്രവിശ്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവിശ്യയിലെ ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ തുടങ്ങിയ നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യം രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത ഖത്തീഫ് നഗരത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് അവധി നല്‍കിയതോടെ ആളുകള്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. അവശ്യ ഭക്ഷ്യ വിഭവങ്ങള്‍ ശേഖരിക്കുന്നതിന് മാത്രമാണ് പുറത്തിറങ്ങുന്നത്.
പൊതു ഗതാഗത നിയന്ത്രണവും കൂടി നിലവില്‍ വന്നതോടെ നിരത്തുകള്‍ നന്നേ കാലിയായി. അവശ്യ സര്‍വീസുകളായി തുറന്ന് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളിലും ബൂഫിയകളിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ അനുമതിയില്ല. പകരം പാഴ്‌സല്‍ ഓര്‍ഡറുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ നിന്നും നല്‍കുന്നത്.
മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള രോഗ ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. എങ്കിലും മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും കര്‍ശനമായി തുടരുകയാണ്. ജനങ്ങളോട് പരമാവധി വീടുകളില്‍ തന്നെ കഴിയാനാണ് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.