സൗദിയില്‍ ഭക്ഷ്യക്ഷാമമില്ലെന്ന് വ്യാപാര നിക്ഷേപ മന്ത്രാലയം
ഭക്ഷ്യക്ഷാമമുള്ളതായി പ്രചരിപ്പിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
സൗദിയില്‍ ഭക്ഷ്യക്ഷാമമില്ലെന്ന് വ്യാപാര നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യക്ഷാമമുള്ളതായി പ്രചരിപ്പിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവശ്യസാധനങ്ങള്‍ പൂര്‍ണ്ണമായ തോതില്‍ ലഭ്യമാക്കുമെന്നും, യാതൊരുവിധ ഭക്ഷ്യ ക്ഷാമവും രാജ്യത്തില്ലെന്നും വ്യാപാര നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന്‍ അല്‍ഹുസ്സൈന്‍ വ്യക്തമാക്കി. അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി മന്ത്രാലയം കൃത്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എല്ലാ വില്‍പ്പന ശാലകളിലും പരിശോധന നടത്തി സാധനങ്ങളുടെ സ്‌റ്റോക്ക് ഉറപ്പ് വരുത്തുന്നുണ്ട്. വില വര്‍ധിപ്പിച്ച് വില്‍പ്പന നടത്തുന്നതും, വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കുന്നതിന് സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നതും കുറ്റകരമാണ്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് കണ്ടെത്തിയ ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഭക്ഷ്യക്ഷാമം തുടങ്ങിയതായി പ്രചരിപ്പിച്ച യുവാവിനെ നജ്‌റാനില്‍ ഗവര്‍ണ്ണറുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.