റിയാദ് ഉൾപ്പെടെ മൂന്ന് നഗരങ്ങളില്‍ കർഫ്യൂ പ്രാബല്യത്തില്‍

മക്ക-മദീന നഗരങ്ങളിൽ കർഫ്യൂ സമയം നീട്ടിയതോടെ പ്രധാന റോഡുകളിലും വാഹനങ്ങളുടെ എണ്ണം കുറഞ്ഞു, കർഫ്യൂ സമയങ്ങളിൽ വളരെ ശാസ്ത്രീയമായ രീതിയിൽ അണുനശീകരണ പ്രവർത്തനങ്ങളും തുടരുകയാണ്

Update: 2020-03-26 18:26 GMT

സൌദി തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള മൂന്ന് നഗരങ്ങളിൽ കർഫ്യൂ മൂന്ന് മണിമുതൽ പ്രാബല്യത്തിലായി. മക്ക-മദീന നഗരങ്ങളിൽ കർഫ്യൂ സമയം നീട്ടിയതോടെ പ്രധാന റോഡുകളിലും വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. കർഫ്യൂ സമയങ്ങളിൽ വളരെ ശാസ്ത്രീയമായ രീതിയിൽ അണുനശീകരണ പ്രവർത്തനങ്ങളും തുടരുകയാണ്. കോവിഡ് 19 രോഗത്തിന്‍റെ പശ്ചാതലത്തിൽ സൈന്യം ഉൾപ്പെടെയുള്ള സുരക്ഷ ഉദ്യോഗസ്ഥർ പഴുതടച്ച പരിശോധനകളാണ് നടത്തിവരുന്നത്. കർഫ്യൂ സമയങ്ങളിൽ ശക്തമായ അണുനശീകരണ പ്രവർത്തനങ്ങളും നടന്നുവരുന്നു. റോഡുകളും, പാർക്കുകളും, മറ്റു പൊതു സ്ഥലങ്ങളും ശാസ്ത്രീയമായി തന്നെ അണുവിമുക്തമാക്കുന്നുണ്ട്. മാസാന്ത്യമായതിനാൽ തൊഴിലാളികൾക്ക് ശമ്പളം വിതരണം ചെയ്യുവാനുള്ള സമയമായ സാഹചര്യത്തിൽ എ.ടി.എം മെഷീനുകളും അണുവിമുക്തമാക്കി തുടങ്ങി.

Advertising
Advertising

ഇന്ന് മുതൽ മക്ക, മദീന റിയാദ് നഗരങ്ങളിൽ വൈകുന്നേരം മൂന്ന് മണിമുതൽ കർഫ്യൂ ആരംഭിക്കുന്നതിനാലും, യാത്രാ‌വിലക്കുള്ളതിനാലും മക്ക-മദീന അതിവേഗ പാതയും, പ്രധാന ഹൈവേ റോഡുകളും വളരെ നേരത്തെ തന്നെ കാലിയായി. രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളുണ്ടായേക്കുമെന്നാണ് സൂചന. രാജ്യം സ്വീകരിച്ചുവരുന്ന കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളോട് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കുന്നതിൽ ആഭ്യന്തര മന്താലയം നന്ദി അറിയിച്ചു. പരമാവധി സമയങ്ങളിൽ വീടുകൾക്കുള്ളിൽ തന്നെ കഴിഞ്ഞ് കൂടണമെന്ന് ആരോഗ്യമന്ത്രാലയവും ഓർമ്മിപ്പിക്കുന്നു

Tags:    

Similar News