മദീനയുടെ പ്രധാന ആറ് ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ; എല്ലാവരും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം
ആറ് മേഖലയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും നിരോധിച്ചിട്ടുണ്ട്
മദീനയില്‍ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന ആറ് മേഖലകളില്‍ 24 മണിക്കൂര്‍ പ്രത്യേക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഹറമിനോട് ചേര്‍ന്നുള്ള ആറ് ജില്ലകളില്‍ ഉള്ളവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനാണ് നിര്‍ദേശം. ഇന്ന് രാവിലെ ആറു മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി. മദീന അതോറിറ്റിയുടെ തീരുമാനം 14 ദിവസത്തേക്ക് 24 മണിക്കൂറും പാലിക്കണം. ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാപ്പിലെ ചുവന്ന അതിര്‍ത്തിക്കുള്ളില്‍ നിലവില്‍ ഉള്ളവര്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.
ഖുര്‍ബാന്‍, ബനിളഫര്‍, ഷുറയ്ബാത്ത്, ജുമുഅ എന്നീ മേഖലകളിലും ബനീകുദ്‌റ, ഇസ്കാന്‍ എന്നിവയുടെ ഒരു ഭാഗത്തുമാണ് നിയന്ത്രണം. ഈ മേഖലയില്‍ അസുഖങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മെഡിക്കല്‍ പരിശോധനയുടെ ഭാഗമായാണ് നിയന്ത്രണം. അസുഖം ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ 14 ദിവസം ആവശ്യമാണ്. അവശ്യ സേവനങ്ങളായ മരുന്ന്, വെള്ളം, ഭക്ഷണം എന്നീ ആവശ്യങ്ങള്‍ക്കായി രാവിലെ ആറ് മുതല്‍ ഉച്ചക്ക് മൂന്ന് വരെ പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. ഈ മേഖലയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഈ അതിര്‍ത്തി വിടുന്നതും മറ്റുള്ളവര്‍ ഈ മേഖലയില്‍ പ്രവേശിക്കുന്നതും നിയമത്തിനെതിരാകും. നേരത്തെ പ്രഖ്യാപിച്ച കര്‍ഫ്യൂവിലെ ഇളവ് നിയന്ത്രണത്തോടെ ഈ മേഖലയിലും ബാധകമാണ്.