കോവിഡ്; കര്‍ഫ്യൂ ജിദ്ദയിലും നടപ്പിലാക്കി സൗദി

കർഫ്യൂവിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ എല്ലാ സ്ഥലങ്ങളിലും മാറ്റമില്ലാതെ ലഭിക്കും

Update: 2020-03-29 19:07 GMT

സൗദിയിലെ പ്രധാന നഗരങ്ങളില്‍ പ്രഖ്യാപിച്ച മൂന്ന് മണി മുതലുള്ള കര്‍ഫ്യൂ ഇന്ന് മുതല്‍ ജിദ്ദക്കും ബാധകമായി. ജിദ്ദ ഭൂപരിധിയിലേക്ക് പ്രവേശിക്കുവാനോ പുറത്ത് പോകുവാനോ അനുവാദമില്ല. പൊതുഗതാഗത സംവിധാനങ്ങൾക്കും സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും അനിശ്ചിതകാലത്തേക്ക് നീട്ടി.

സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം നേരത്തെ 15 മണിക്കൂറായി ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് ജിദ്ദ ഗവര്‍ണറേറ്റിലും സമാനമായ സമയം ബാധകമാക്കിയത്. ഇതനുസരിച്ച് ഇന്ന് മുതല്‍ ജിദ്ദയിൽ കര്‍ഫ്യൂ ഉച്ചക്ക് മൂന്ന് മണി മുതല്‍ ആരംഭിച്ചു. രാവിലെ ആറ് മണിവരെ ഇത് തുടരും. ഈ സമയങ്ങളിൽ ആരും പുറത്തിറങ്ങാൻ പാടില്ല.

Advertising
Advertising

കൂടാതെ ജിദ്ദ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും, പുറത്ത് പോകുന്നതിനും വിലക്കുണ്ട്. മറ്റ് പ്രദേശങ്ങളിൽ കർഫ്യൂ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറു മണി വരെ തുടരും. കഴിഞ്ഞ ദിവസം മദീനയിൽ ഹറമിനോടടുത്ത ആറ് മേഖലകളിൽ കർഫ്യൂ സമയം 24 മണിക്കൂറാക്കി ദീർഘിപ്പിച്ചിരുന്നു.

കർഫ്യൂവിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ എല്ലാ സ്ഥലങ്ങളിലും മാറ്റമില്ലാതെ ലഭിക്കും. കൂടാതെ അഭ്യന്തര, അന്താരാഷ്ട്ര വിമാന സർവ്വീസുകളും, ടാക്സി, ബസ്, ട്രൈൻ ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുനരാരംഭിക്കുകയില്ല.

സർക്കാർ, സ്വാകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.

Tags:    

Similar News