സൗദിയില്‍ സ്വകാര്യമേഖലക്ക് ആശ്വാസം; 17 ബില്ല്യണ്‍ റിയാല്‍ അനുവദിച്ചു
കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി
സൗദിയിൽ സ്വകാര്യമേഖലക്ക് ആശ്വാസം പകർന്ന് 17 ബില്ല്യണ്‍ സൗദി റിയാല്‍ അനുവദിച്ചു. ശമ്പളമില്ലാത്ത അവധി എടുക്കുവാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുവാന്‍ പാടില്ല. കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഇന്ന് മുതല്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ സമയം 24 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചതും ഇതിന്റെ തുടര്‍ച്ചയാണ്. രാജ്യത്ത് നടപ്പിലാക്കി വരുന്ന ഇത്തരം നിയന്ത്രണങ്ങള്‍ സ്വകാര്യമേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം 17 ബില്ല്യണ്‍ സൗദി റിയാല്‍ അനുവദിച്ചത്.
പ്രധാനമായും സ്വകാര്യ മേഖലയിലെ സാമ്പത്തിക, തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി രാജ്യം സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണിതെന്ന്, മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് നാസര്‍ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹസാനി പറഞ്ഞു.
പുതിയ ചട്ടപ്രകാരം ജൂണ്‍ 30ന് മുമ്പ് ഇഖാമ കാലഹരണപ്പെടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് ഫീസ് ഈടാക്കാതെ ഇഖാമ കാലാവധി നീട്ടി നല്‍കും. ഇത് സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. ജീവനക്കാരുടെ സമ്മതമില്ലാതെ ശമ്പളമില്ലാത്ത അവധി എടുക്കുവാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.