കോവിഡ് ബാധിച്ച കുഞ്ഞ് തിരികെ വീട്ടിലേക്ക്; ഖാലിദ് ഇപ്പോള്‍ സൗദി ജനതയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകം
സൗദിയില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന് കോവിഡ് നയന്റീനില്‍ നിന്നും മോചനം. തലസ്ഥാനമായ റിയാദിലാണ് ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് ചികിത്സക്കൊടുവില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട് ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്ത.
കോവിഡ് നയന്റീന്‍ ബാധിച്ച് ചികിത്സയിലായിരുന്നു ആഴ്ചകള്‍ മാത്രം പ്രായമുള്ള ഖാലിദ് എന്ന കുഞ്ഞ് ഇന്നാണ് വീട്ടിലേക്ക് മടങ്ങിയത്. ഖാലിദിന്റെ മടങ്ങിവരവ് കാണിക്കുന്ന ദൃശ്യങ്ങള്‍ സൗദിയിലെ സ്വദേശികളും വിദേശികളും ആവേശത്തോടെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാര്‍ ഖാലിദിനേയും കുടുംബത്തേയും പൂക്കള്‍ നല്‍കി തിരിച്ചയച്ചു. റിയാദിലെ ദുവാദ്മിയിലാണ് ഖാലിദിന്റെ വീട്. അവിടേക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാഹനത്തിലാണ് കുഞ്ഞിനെ എത്തിച്ചത്. സൗദി ജനതക്ക് കോവിഡ് പ്രതിരോധത്തില്‍ ആത്മവിശ്വാസത്തിന്റെ വാക്കാണിപ്പോള്‍ ഖാലിദ്.