കോവിഡ്; റമദാനില്‍ സൗദി പള്ളികളില്‍ നമസ്ക്കാരമുണ്ടാകില്ല
കോവിഡ് വ്യാപനം തടയുന്നതിനായി ഇരു ഹറമുകളിലൊഴികെ രാജ്യത്തെ എല്ലാ പള്ളികളിലും നിലവില്‍ ജുമുഅ ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വിലക്കുണ്ട്
സൗദിയിലെ പള്ളികളില്‍ ഈ വര്‍ഷം റമദാനിലും നമസ്‌കാരങ്ങളുണ്ടാകില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായാണിത്. റമദാന് പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കെ കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനായി ഇരു ഹറമുകളിലൊഴികെ രാജ്യത്തെ എല്ലാ പള്ളികളിലും നിലവില്‍ ജുമുഅ ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വിലക്കുണ്ട്. റമദാനിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഈ ചുരുങ്ങിയ സമയത്തിനകം കോവിഡ് മഹാമാരി തുടച്ച് നീക്കപ്പെടുമെന്ന് കരുതാനാകില്ല. അതിനാല്‍ തന്നെ ഈ വര്‍ഷം റമദാനിലെ തറാവീഹ് നമസ്‌കാരവും പള്ളികളില്‍ വെച്ച് നടത്താനാകില്ലെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.
തറാവീഹിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ജമാഅത്തായി പള്ളികളില്‍ വെച്ച് നടത്താന്‍ അനുമതി ലഭിച്ചാല്‍ മാത്രമേ തറാവീഹിനും അനുമതി ലഭിക്കുകയുളളു. മാര്‍ച്ച് 18 മുതല്‍ രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജമാഅത്ത് നമസ്‌കാരങ്ങള്‍ നിറുത്തിവെച്ചിരുന്നു. മാര്‍ച്ച് 20 മുതല്‍ ഇരു ഹറമുകളിലൊഴികെ രാജ്യത്തെ ഒരു പള്ളിയിലും ജുമുഅ നമസ്‌കാരവും നടക്കുന്നില്ല.
നമസ്‌കാരം വീടുകളില്‍ വെച്ച് നടത്തണമെന്ന് വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ടുള്ള ബാങ്കൊലികളാണ് അഞ്ച് നേരവും പള്ളിമിനാരങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്നത്. ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ഇഅ്തിക്കാഫിനും ഇഫ്താറിനും പള്ളികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.