പുതിയ കര്‍ഫ്യൂ നിയമം നാളെ മക്കയിലും മദീനയിലും ബാധകം: റിയാദില്‍ പ്രാബല്യത്തില്‍

ഏത് പാസ് ലഭിക്കുന്നവരും അതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഇതില്ലാതെ പുറത്തിറങ്ങിയാല്‍ പിഴയുറപ്പാണ്.

Update: 2020-04-13 13:29 GMT
സൈനിക വിഭാഗങ്ങള്‍ കൂടി തെരുവുകളില്‍ കര്‍ഫ്യൂ ഫലപ്രദമായി നടപ്പാക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഏഴ് മണിയോടെ രാജ്യത്തെ ഭൂരിഭാഗം കടകളും ഇന്നടച്ചിട്ടുണ്ട്. ഫാര്‍മസികള്‍ മാത്രമാണ് കാര്യമായി തുറന്നിട്ടുള്ളത്. ഏഴ് മണിക്ക് ശേഷം ഭക്ഷണത്തിനിറങ്ങിയാല്‍ പോലും പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു

സൌദി തലസ്ഥാന നഗരിയായ റിയാദില്‍ കര്‍ഫ്യൂ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഏകീകൃത പാസ് സംവിധാനം നിലവില്‍ വന്നു. ഇന്നു മുതല്‍ ആഭ്യന്തര മന്ത്രാലയം ഓരോ മന്ത്രാലയങ്ങളുമായും സഹകരിച്ച് നല്‍കുന്ന പ്രത്യേക പാസുപയോഗിച്ചേ കര്‍ഫ്യൂവില്‍ ഇളവുള്ളവര്‍ക്കു പോലും ജോലിക്കും പുറത്തും പോകാനാകൂ. അവശ്യസര്‍വീസുകള്‍ക്ക് തൊട്ടടുത്ത കടകള്‍ ഉപയോഗപ്പെടുത്താം. ഇതല്ലാതെ വാഹനത്തില്‍ പുറത്ത് പോകണമെങ്കില്‍ പാസുകള്‍ നിര്‍ബന്ധമാണ്. നാളെ മുതല്‍ എല്ലാ സമയവും ഈ നിയമം റിയാദില്‍ ബാധകമാണ്. മക്കയിലും മദീനയിലും നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ താഴെ വായിക്കാം.

Advertising
Advertising

ഇതിനായി പ്രത്യേക അപേക്ഷ ഫോറത്തില്‍ സ്ഥാപനത്തിന്റെ കൊമേഴ്ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള മതിയായ രേഖകളോടെ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ അതത് മന്ത്രാലയങ്ങളും ബലദിയ്യയും സ്വീകരിച്ചാല്‍ മൊബൈലില്‍ എസ്എംഎസ് ലഭിക്കും. അപേക്ഷ പരിശോധിച്ച് അന്തിമ തീര്‍പ്പിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ സീലോടെ പാസ് ലഭിക്കും. ഓരോ ഡ്രൈവര്‍ക്കും വാഹനത്തിനും പ്രത്യേക പാസ് നല്‍കും. പാസില്‍ കാണിക്കുന്ന റൂട്ടിലൂടെ മാത്രമേ വാഹനം ഓടാവൂ. നിര്‍ദേശം ലംഘിക്കപ്പെട്ടാലും പിഴലഭിക്കും.

ഈ രീതി ഇന്ന് വൈകീട്ട് പ്രാബല്യത്തിലായതിനാല്‍ അപേക്ഷകള്‍ സ്വന്തം കന്പനിയില്‍ ജീവനക്കാര്‍ സമര്‍പ്പിച്ചിരുന്നു. അപേക്ഷകളില്‍ ബന്ധപ്പെട്ട മേധാവിയുടെ സീലു പതിച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും സീല്‍ പതിപ്പിച്ച പാസുകള്‍ സ്വകാര്യ കമ്പനികളില്‍ ചിലത് സ്വന്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ മെയില്‍ മുഖേന അപേക്ഷ നല്‍കിയിട്ടുണ്ട്.

Full View

ഓരോ വിഭാഗം ജീവനക്കാര്‍ക്കും അതത് വിഭാഗത്തിന് കീഴിലാണ് പാസിന് അപേക്ഷിക്കേണ്ടത്. ഇതിനായി കമ്പനിയുമായോ സ്ഥാപനവുമായോ ബന്ധപ്പെട്ട് പാസ് കരസ്ഥമാക്കണം. പുതിയ പാസ് കൈവശമില്ലാതെ പുറത്തിറങ്ങിയാല്‍ ആദ്യം പതിനായിരം രണ്ടാം വട്ടം പിടിക്കപ്പെട്ടാല്‍ ഇരുപതിനായിരവും പിഴയടക്കേണ്ടി വരും. ഓരോ വിഭാഗം ജീവനക്കാര്‍ക്കും പാസുകള്‍ സ്വന്തമാക്കാന്‍ പ്രത്യേകം രീതികളാണ് ഉള്ളത്. അവ താഴെ പറയുന്നു. വെബ്സൈറ്റ് ലിങ്കുകള്‍ മന്ത്രാലയം ലഭ്യമാക്കിയതും താഴെ പോസ്റ്ററായി ചേര്‍ത്തിട്ടുണ്ട്.

1. നഗരകാര്യ മന്ത്രാലയത്തിന്റെ ബലദീ പോര്‍ട്ടല്‍‌ വഴി അപേക്ഷ നല്‍കേണ്ടവര്‍: സൂപ്പര്‍മാര്‍ക്കറ്റ്, ബഖാലകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പഴം പച്ചക്കറി കടകള്‍, മാംസക്കടകള്‍, റസ്റ്റൊറന്‍റുകള്‍, കാര്‍ വര്‍ക്ക്ഷോപ്പുകള്‍, അലക്കുകേന്ദ്രങ്ങള്‍, പ്ലംബിംങ് ജീവനക്കാര്‍. വെബ്സൈറ്റ് ലിങ്ക്: https://balady.gov.sa/ ലിങ്ക് വഴി കൊമേഴ്ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം സ്ഥാപന ഉടമസ്ഥന് ബലദിയ്യയില്‍ അപേക്ഷ നല്‍കാം. ഓരോ ഡ്രൈവര്‍ക്കും വാഹനത്തിനും റൂട്ടിനും അപേക്ഷ നല്‍കണം.

2. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴി: ഫാര്‍മസികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍

3. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വെബ്സൈറ്റ് വഴി: മരുന്ന് വിതരണക്കാര്‍, മെഡിക്കല്‍ ഉപകരണ ഫാക്ടറികള്‍, ഫുഡ് സ്റ്റോര്‍ ജീവനക്കാര്‍ക്ക് പാസുകള്‍ ലഭിക്കും.

4. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വെബ്സൈറ്റ് വഴി: പാര്‍സല്‍ സര്‍വീസ്, ടെലകോം ഓപ്പറേറ്റര്‍ ജീവനക്കാര്‍ക്ക് പാസുകള്‍ ലഭിക്കും.

5. ടൂറിസം മന്ത്രാലയം വഴി: ഹോട്ടലുകള്‍‌, ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാര്‍ക്ക് പാസുകള്‍ ലഭിക്കും.

6. മാനവവിഭവ ശേഷി മന്ത്രാലയം: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പാസുകള്‍ ലഭിക്കും

7. ചരക്ക് വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം വെബ്സൈറ്റ് വഴി അപേക്ഷ നല്‍കണം. സ്ഥാപന ഉടമകള്‍ക്ക് നേരിട്ടോ തൊഴിലാളിക്ക് സ്ഥാപനം മുഖാന്തിരമോ അപേക്ഷ നല്‍കാം.

8. സൌദി കസ്റ്റംസ് വെബ്സൈറ്റ് വഴി: കസ്റ്റംസ് ക്ലിയറന്‍സ്, ലോജിസ്റ്റിക്സ് സര്‍വീസ്

9. തുറമുഖ സേവനങ്ങള്‍ക്ക് തുറമുഖ അതോറിറ്റിയില്‍ നിന്നും പാസ് നേടണം.

10. കൃഷി ജല മന്ത്രാലയ വെബ്സൈറ്റ് വഴി: കുടിവെള്ള വിതരണത്തിനും കൃഷിക്കാരും അപേക്ഷ നല്‍കണം

11. സാമ വെബ്സൈറ്റ് വഴി: നജ്ം, ഇന്‍ഷുറന്‍സ്, ബാങ്കിങ് സേവനങ്ങളിലെ ജീവനക്കാര്‍ പാസ് നേടണം

12. ഊര്‍ജ മന്ത്രാലയ വെബ്സൈറ്റ് വഴി: പെട്രോള്‍ പമ്പ് ജീവനക്കാര്‍, ഗ്യാസ് കടകള്‍ എന്നിവിടങ്ങളിലേക്കുള്ള സേവനം ചെയ്യുന്നവര്‍ പാസ് നേടണം

13. ഫുഡ് ഫാക്ടറികള്‍ വാണിജ്യ മന്ത്രാലയത്തില്‍ നിന്നാണ് പാസ് കരസ്ഥമാക്കേണ്ടത്.

14. കമ്പനികളിലെ ജീവനക്കാരെ കൊണ്ടു പോകുന്ന ബസുകള്‍ അതില്‍ പകുതി പേര്‍ക്കുള്ളവരുടെ എണ്ണത്തിന് പാസ് നേടേണ്ടത്.

പ്രധാന അറിയിപ്പ്: ഏത് പാസ് ലഭിക്കുന്നവരും അതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഇതില്ലാതെ പുറത്തിറങ്ങിയാല്‍ പിഴയുറപ്പാണ്. മന്ത്രാലയം ലഭ്യമാക്കിയ പ്രധാന വെബ്സൈറ്റ് വിവരങ്ങള്‍ താഴെ.

ഓരോ വിഭാഗങ്ങളും അപേക്ഷ നല്‍കേണ്ടത് സംബന്ധിച്ച മന്ത്രാലയ അറിയിപ്പ്

Similar News