സൗദിയില്‍ ഏകീകൃത പാസ് ഇന്ന് മുതൽ; ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നു
രേഖകളില്ലാതെ പുറത്തിറങ്ങിയാൽ 10000 റിയാലാണ് പിഴ ചുമത്തുക.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഏകീകൃത പാസ് സംവിധാനം ഇന്ന് മൂന്ന് മണി മുതൽ പ്രാബല്യത്തിലാകും. രേഖകളില്ലാതെ പുറത്തിറങ്ങിയാൽ 10000 റിയാലാണ് പിഴ ചുമത്തുക. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ മാറ്റിപാർപ്പിച്ചു തുടങ്ങി.
ഇന്ന് വൈകുന്നേരം മൂന്ന് മണി മുതലാണ് രാജ്യത്ത് ഏകീകൃത പാസ് സംവിധാനം പ്രാബല്യത്തിലാകുന്നത്. ഇതോടെ നിലവിൽ കർഫ്യൂവിൽ ഇളവ് ലഭിക്കുവാനായി ഉപയോഗിച്ചിരുന്ന പാസുകൾക്ക് പകരം ആഭ്യന്തര മന്ത്രായത്തിൽ നിന്നുള്ള പ്രത്യേക പാസ് നിർബന്ധമാകും. ആദ്യ ഘട്ടത്തിൽ ഇന്ന് മുതൽ റിയാദിലാണ് പുതിയ ചട്ടം പ്രാബല്യത്തിലാകുന്നത്. സർക്കാർ മേഖലകളിലുൾപ്പെടെ മുഴുവൻ മേഖലകളിലുള്ളവർക്കും ഇത് ബാധകമാണ്. വിലക്ക് ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴ ചുമത്തും. പുറത്ത് കറങ്ങി നടന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു.
രാജ്യത്തെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കിഴക്കൻ പ്രവശ്യയിൽ 15 സ്കൂളുകളിലായി നിരവധി പേർക്ക് താമസ സൌകര്യമൊരുക്കി. ജിദ്ദയിൽ ലേബർ ക്യാമ്പിൽ കഴിയുന്നവരിൽ ആയിരത്തിലധികം പേരെ ഗവണ്‍മെന്‍റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റും. സാമൂഹിക അകലം പാലിക്കാൻ സാധിക്കാതെ ലേബർ ക്യാമ്പുകളിൽ ആശങ്കയോടെ കഴിഞ്ഞിരുന്ന മലയാളികളുൾപ്പെടെയുള്ള നിരവധി തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് ഈ നടപടി.