സൗദിയിലെ കോവിഡ് സാഹചര്യത്തില്‍ പ്രവാസികള്‍ക്കിടയിലേക്ക് എംബസി ഇറങ്ങുന്നു; സന്നദ്ധ സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നു
ഇന്ത്യന്‍ അംബാസിഡറുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്
സൌദിയില്‍ ഇന്ത്യക്കാര്‍ക്കിടയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ഇന്ത്യന്‍ എംബസി ആലോചന തുടങ്ങി. നിലവില്‍ എംബസിക്ക് കീഴിലുള്ള ഹെല്‍പ്‌ലൈന്‍ സംവിധാനവും സാമൂഹ്യ ഇടപെടലും ശക്തമാക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി സാമൂഹ്യ സംഘടനാ നേതാക്കളുടെ യോഗം എംബസി ഇന്ന് വിളിച്ചു ചേര്‍ത്തിരുന്നു. സൌദിയുടെ വിവിധ ഭാഗങ്ങളിലെ കമ്യൂണിറ്റി വളണ്ടിയേഴ്സും വിവിധ സന്നദ്ധ സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യക്കാരായ സൌദിയിലെ പ്രവാസികളില്‍ പലരും ഗുരുതര സാഹചര്യങ്ങളില്‍ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നുണ്ട്. മാനുഷിക പരിഗണനയുള്ള ഇത്തരം വിഷയങ്ങളില്‍ എംബസി ഇടപെടണമെന്ന് വിവിധ സന്നദ്ധ സംഘടനാ നേതാക്കളും എംപിമാരും മന്ത്രിമാരും മീഡിയവണ്‍ ചര്‍ച്ചയിലും ആവശ്യപ്പെട്ടിരുന്നു.
30 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൌദി അറേബ്യയില്‍ ഹെല്‍പ്‌ലൈന്‍ സംവിധാനത്തിനായി എംബസിയില്‍ ഒരു ഫോണ്‍ നമ്പര്‍ മാത്രമാണ് നല്‍കിയിരുന്നത്. ഇത് വിപുലമാക്കണമെന്നും ഒരുദ്യോഗസ്ഥനെ ഇതിനായി നിശ്ചയിക്കണമെന്നും ആവശ്യമുയര്‍ന്നു. ജിദ്ദ കോണ്‍സുലേറ്റിന് കീഴില്‍ കുറച്ചു കൂടെ മെച്ചപ്പെട്ട സംവിധാനം നിലവിലുണ്ട്. വിവിധ സംഘടനകളില്‍ നിന്നും നാട്ടിലെ ജനപ്രതിനിധികളില്‍ നിന്നും കേന്ദ്ര മന്ത്രിയില്‍ ഇടപെടല്‍ സജീവമായി തുടങ്ങിയതോടെയാണ് സേവനം വിപുലപ്പെടുത്താനുള്ള പുതിയ ശ്രമങ്ങള്‍. മീഡിയവണ്‍ ഉള്‍പ്പെടെ മാധ്യമങ്ങളിലൂടെ സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ ഇന്നത്തെ സന്നദ്ധ സംഘടനകളുടെ യോഗത്തിലും ഉയര്‍ന്നു വന്നു. നാട്ടിലേക്ക് അടിയന്തിരമായി കൊണ്ടു പോകേണ്ടവരുടെ പട്ടിക തയ്യാറാക്കല്‍, എംബസിക്ക് കീഴില്‍ മെഡിക്കല്‍ വിഭാഗത്തെ സജ്ജീകരിക്കല്‍, ലേബര്‍ ക്യാമ്പുകളിലെ ഇടപെടല്‍, എംബസിക്ക് കീഴില്‍ ആംബുലന്‍സ് സേവനം സജ്ജീകരിക്കല്‍, കോവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആവശ്യമെങ്കില്‍ പാസ് നല്‍കല്‍ എന്നീ ആവശ്യങ്ങളും വിവിധ സംഘടകള്‍ ഉന്നയിച്ചു. സൌദി ഭരണകൂടവുമായി സഹകരിച്ച് ഇതില്‍ പ്രായോഗികമായ നിര്‍ദേശങ്ങളില്‍ എംബസി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് വിവരം. അംബാസിഡറുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തില്‍ ജിദ്ദ കോണ്‍സുല്‍ ജനറലും മുപ്പതോളം വിവിധ സംഘടനാ നേതാക്കളുമാണ് പങ്കെടുത്തത്.