സൗദി ലേബര്‍ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ തുടങ്ങി  

ഇതിനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അറുപതിനായിരം മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്

Update: 2020-04-14 20:21 GMT

കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന രണ്ടരലക്ഷം തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു. പ്രത്യേകം സജ്ജീകരിച്ച അറുപതിനായിരം മുറികളിലേക്കാണ് ആളുകളെ മാറ്റി തുടങ്ങിയത്. പ്രവിശ്യാ ഗവര്‍ണറേറ്റുകളുടെയും മുന്‍സിപ്പല്‍ മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചു വരുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ശോചനീയമായ അവസ്ഥയില്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അറുപതിനായിരം മുറികള്‍ സജ്ജീകരിച്ചതായി മുന്‍സിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു. ഇത് വഴി രണ്ടരലക്ഷം തൊഴിലാളികളെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്‌കൂളുകളും ഹോട്ടലുകളും ഏറ്റെടുത്താണ് ഇതിനായുള്ള സജ്ജീകരണം നടത്തിയത്.

Advertising
Advertising

Full View

ഒരു മുറിയില്‍ നാല് പേര്‍ എന്ന തോതിലാണ് ഇവിടങ്ങളിലേക്ക് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത്. കോവിഡ് രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരോ ആയ ആളുകളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കില്ല. പകരം ഇവരെ ഐസോലേഷന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുക. മുനിസിപ്പല്‍, ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

Similar News