സൗദിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി
സൗദിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഇഫ്താറുകളിലൊന്നാണ് മദീനയിലെ മസ്ജിദു നബവിയില്‍ നടന്ന് വരാറുള്ളത്. ദിനംപ്രതി ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന മദീന പള്ളിയിലെ ഇഫ്താര്‍ ഈ വര്‍ഷം ഉണ്ടാകില്ല.
കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ ഈ വര്‍ഷം റമദാനില്‍ നോമ്പ് തുറ ഉണ്ടായിരിക്കില്ലെന്ന് ഹറം കാര്യവിഭാഗം ബന്ധപ്പെട്ട ഇഫ്താര്‍ കമ്മറ്റികളെ അറിയിച്ചു.
അതേസമയം നോമ്പെടുക്കുന്ന വിശ്വാസികള്‍ക്ക് ഭക്ഷണങ്ങള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ തുടക്കം കുറിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്.
ജിദ്ദയില്‍ അവശ്യസാധനങ്ങളുടെ വില്‍പ്പന നടത്തുന്ന കടകളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് ജിദ്ദ മുനിസിപാലിറ്റി ഉത്തരവിട്ടു.
കൂടാതെ കടകളില്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ ജീവനക്കാര്‍ക്കും അനുമതിയില്ല. കടകളുടെ വലിപ്പ വ്യത്യാസമനുസരിച്ച് ഇതിൽ മാറ്റം ഉണ്ടാകും. റിയാദില്‍ 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എല്ലാവിധ കടകളിലും പ്രവേശിക്കുന്നതിന് വാണിജ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.
ബഖാലകളില്‍ നിന്ന് സൈക്കിളിലും ബൈക്കിലും ഓര്‍ഡറുകള്‍ ഡോര്‍ ഡെലിവറി ചെയ്യുന്നതിന് അനുമതിയില്ലെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് അറിയിച്ചു.