കോവിഡ് പരിചരണത്തിന് കൂറ്റന്‍ കേന്ദ്രമൊരുക്കി സൗദി വ്യാവസായിക മന്ത്രാലയം
സൗദി ഇന്‍ഡസ്ട്രിയല്‍ വിഭാഗമായ മുദുന്റെ നേതൃത്വത്തിലാണ് താല്‍ക്കാലിക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
സൗദിയില്‍ കോവിഡ് സംശയിക്കുന്നവരെ പാര്‍പ്പിക്കാനായി കൂറ്റന്‍ കേന്ദ്രമൊരുക്കി വ്യാവസായിക മന്ത്രാലയം. കിഴക്കന്‍ പ്രവിശ്യയിലെ സെക്കന്റ് ഇന്‍ഡസ്ട്രീയല്‍ സിറ്റിയിലാണ് പതിനായിരം ചതുരശ്ര മീറ്റര്‍ വിസതൃതിയില്‍ താല്‍ക്കാലിക കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. രോഗ ലക്ഷണങ്ങളുള്ളവരെയും രോഗീ സമ്പര്‍ക്കം വഴി രോഗ സാധ്യതയുള്ളവരെയുമാണ് താല്‍ക്കാലിക കേന്ദ്രത്തില്‍ പാര്‍പ്പിക്കുക.
സൗദി ഇന്‍ഡസ്ട്രിയല്‍ വിഭാഗമായ മുദുന്റെ നേതൃത്വത്തിലാണ് താല്‍ക്കാലിക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. പ്രവിശ്യയിലെ തൊഴില്‍ ക്യാമ്പുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും രോഗീ സമ്പര്‍ക്കം വഴി വ്യാപനത്തിന് സാധ്യതയുള്ളവരെയുമാണ് പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കുക.
തുടര്‍ന്ന് ഇവരെ ടെസ്റ്റിന് വിധേയമാക്കി കോവിഡ് പോസിറ്റീവാകുന്നവരെ ആരോഗ്യ മന്ത്രാലയത്തിന്റെ ഐസോലേഷന്‍ കേന്ദ്രങ്ങളിലേക്കും, നെഗറ്റീവ് സ്ഥിരീകരിക്കുന്നവരെ സ്വന്തം താമസ കേന്ദ്രങ്ങൡലേക്കും മാറ്റുമെന്ന് മുദുന്‍ വക്താവ് ഖുസൈ അബ്ദുല്‍കരീം പറഞ്ഞു. മുദുന്റെ നേതൃത്വത്തില്‍ വ്യാവസായിക മേഖലയിലെ ഇരുന്നൂറ്റി രണ്ട് താമസ കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധന പൂര്‍ത്തീകരിച്ചതായും ഇത് വഴി ഇരുപത്തിഅയ്യായിരം ജീവനക്കാരുടെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായും അബ്ദുല്‍കരീം വ്യക്തമാക്കി.