സൗദിയില്‍ ആദ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഖതീഫ് മേഖല തുറന്നു; അഭിമാന നേട്ടങ്ങള്‍ കാണാം
തുടക്കത്തില്‍ തന്നെ ലോക്ഡൌണ്‍ ചെയ്തതിനാല്‍ ഒരു മരണം മാത്രമാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് നഗരത്തില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ വിലക്ക് നീക്കി. നാളെ മുതല്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ മറ്റു ഇടങ്ങളിലെ പോലെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഇത് കഴിഞ്ഞുള്ള സമയത്ത് കര്‍ഫ്യൂ തുടരും. സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്ക് നീക്കിയത്.
നാളെ മുതല്‍ പുറത്ത് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും നഗരത്തിലുള്ളവര്‍ക്ക് പുറത്ത് സഞ്ചരിക്കുന്നതിനുമാണ് അനുമതി നല്‍കിയത്. രാജ്യത്ത് ആദ്യ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരമാണ് ഖത്തീഫ്. ആദ്യ സമ്പൂര്‍ണ്ണ കര്‍ഫ്യുവും നിലവില്‍ വന്നത് ഇവിടെയായിരുന്നു.
217 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഖതീഫില്‍ നിലവില്‍ 20 പേര്‍ മാത്രമാണ് ചികിത്സയില്‍ ഉള്ളത്. ഒരു മരണം മാത്രമേ ഇവിടെ സംഭവിച്ചിട്ടുള്ളൂ എന്നതും സൌദി ആരോഗ്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നേട്ടമാണ്.