വ്യാപാര സ്ഥാപനങ്ങളില്‍ ഇ-പെയ്മെന്റ് നിര്‍ബന്ധമാക്കി സൗദി
വ്യാപാര സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി ഇ - പെയ്മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി നേരത്തെ തന്നെ ആരംഭിച്ചതാണ്
സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്മെന്റ് സംവിധാനം നിർബന്ധമാക്കി. ആഗസ്റ്റ് മാസം അവസാനിക്കുന്നതിന് മുമ്പായി എല്ലാ കച്ചവട സ്ഥപാനങ്ങളിലും ഇ- പെയ്മെന്റ് സംവിധാനം സ്ഥാപിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വ്യാപാര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി ഇ - പെയ്മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി നേരത്തെ തന്നെ ആരംഭിച്ചതാണ്. ആദ്യ ഘട്ടത്തിൽ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വ്വീസ് സെന്ററുകളിലും പദ്ധതി നടപ്പിലാക്കി. തുടർന്ന് ഇക്കഴിഞ്ഞ നവംബർ മുതൽ പഞ്ചർ കടകൾ, സ്പെയർ പാർട്സ് കടകൾ, വർക്ക് ഷോപ്പുകൾ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
അടുത്ത ആഗസ്റ്റ് മാസത്തോടെ രാജ്യത്തെ എല്ലാ കച്ചവട സ്ഥപാനങ്ങളലിും നിർബന്ധമായും ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം ഉപയോഗിക്കണമെന്നാണ് വ്യാപാര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഉടനടി പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്ന പക്ഷം സ്ഥപാനം അടച്ച് പൂട്ടുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എല്ലാ വിധ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് തീവ്രവാദ വിരുദ്ധ പ്രോഗ്രാം നേരത്തെ അറിയിച്ചിരുന്നതാണ്. രാജ്യത്ത് കറന്‍സിയേതര ക്രയവിക്രിയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. വാണിജ്യ നിക്ഷേപ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യന്‍ നാണയ ഏജന്‍സി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.