സൗദിയില്‍ കര്‍ഫ്യൂ ഇളവ് മെയ് 22 വരെ നീട്ടി; മെയ് 23 മുതല്‍ മുഴുസമയ കര്‍ഫ്യൂ
ജസാനിലെ ബയ്ഷ് മേഖല പൂര്‍ണമായും 24 മണിക്കൂര്‍ നേരത്തേക്ക് അനിശ്ചിത കാലത്തേക്ക് ഐസൊലേറ്റ് ചെയ്തു
സൌദിയില്‍ നിലവിലുള്ള കര്‍ഫ്യൂ ഇളവ് റമദാന്‍ അവസാനം വരെ തുടരും. കഴിഞ്ഞ മാസം 17 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവാണ് റദമാന്‍ 30 പൂര്‍ത്തിയാകുന്ന മെയ് 22 വരെ നീട്ടിയത്. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാവുന്ന ഇപ്പോഴുള്ള ഇളവ് മെയ് 22 വരെ തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മക്കയിലും നിലവില്‍ ഐസൊലേറ്റ് ചെയ്ത മേഖലകളിലും തുടരുന്ന 24 മണിക്കൂര്‍ കര്‍ഫ്യൂവിലും മാറ്റമില്ല. മെയ് 23 മുതല്‍ മെയ് 27 വരെ മുഴു സമയ കര്‍ഫ്യൂ ഉണ്ടാകും. 24 മണിക്കൂര്‍ നേരത്തേക്കുള്ള ഈ കര്‍ഫ്യൂ നീട്ടണമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം പിന്നീട് തീരുമാനിക്കും.
ഇന്ന് ജസാനിലെ ബയ്ഷ് മേഖല പൂര്‍ണമായും 24 മണിക്കൂര്‍ നേരത്തേക്ക് അനിശ്ചിത കാലത്തേക്ക് ഐസൊലേറ്റ് ചെയ്തിരുന്നു. പാസുകളോടെ ഇളവ് നല്‍കിയവര്‍ക്കൊഴികെ ഈ മേഖലയിലേക്ക് ഇനി പ്രവേശനമുണ്ടാകില്ല. ജനങ്ങള്‍ക്ക് തൊട്ടടുത്ത കടകളില്‍ നിന്ന് വസ്തുക്കള്‍ വാങ്ങാന്‍ രാവിലെ 9നും വൈകീട്ട് അഞ്ചിനും ഇടയില്‍ പുറത്തിറങ്ങാം. വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. താമസിക്കുന്ന ഡിസ്ട്രിക്ട് വിട്ടുപോകാന്‍ പാസില്ലെങ്കില്‍ പിഴ ഈടാക്കും. അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.
ഇന്ന് 9 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 1911 പേര്‍ക്ക്പുതുതായി അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 264 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42925 ആയി. ഇന്ന് റെക്കോര്‍ഡ് രോഗമുക്തിയാണ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 2520 പേര്‍ക്ക് അസുഖം മാറി. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 15257 ആയി. രോഗമുക്തി വര്‍ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 27404 ആയി കുറഞ്ഞു.