സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞു; മരണ സംഖ്യയും ഗുരുതര കേസുകളും വര്‍ധിച്ചു; പുതിയ പദ്ധതികളുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ മന്ത്രാലയം
റിയാദിലാണ് കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുള്ളത്. ഇവിടെത്തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നതും
സൌദിയില്‍ പുതുതായി 3034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നു വരെ 101914 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 36 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 712 ആയി ഉയര്‍ന്നു. ഇന്ന് 1026 പേര്‍ക്ക് കൂടി രോഗം മാറിയിട്ടുണ്ട്. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 72817 ആയി. 1564 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. റിയാദിലാണ് കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുള്ളത്. ഇവിടെത്തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നതും. അതിവേഗത്തില്‍ ആളുകള്‍ രോഗമുക്തി നേടുന്നു എന്നതാണ് സൌദിയുടെ പ്രധാന നേട്ടം.
ഇന്ന് സൌദിയിലെ പ്രധാന നഗരങ്ങളിലെ കോവിഡ് കേസുകള്‍ താഴെ പ്രകാരമാണ്:
കൊടും ചൂടിലേക്ക് കാലാവസ്ഥ മാറിയതോടെ അസുഖം വേഗത്തില്‍ മാറുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ് വ്യാപനത്തിന്‍റെ വീര്യം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പോസിറ്റീവായവര്‍ പോലും പുറത്തിറങ്ങിയതും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതും രോഗം വ്യാപകമായി പടരാന്‍ കാരണമായി. മിക്കയിടങ്ങളിലും ആളുകള്‍ പനിച്ച് കിടക്കുകയാണ്. പ്രവാസികള്‍ക്കിടയില്‍ പോലും പനി വ്യാപകമായി പടരുന്നുണ്ട്. പനി, തൊണ്ട വേദന, ചുമ, ശ്വാസ തടസ്സം, സന്ധിവേദന, ഗന്ധം ലഭിക്കാതിരിക്കല്‍ എന്നിവ കോവിഡിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. ഇത് പലരും അനുഭവിക്കുന്നുണ്ട്.
ഇതുവരെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആകെ കേസുകളും രോഗമുക്തി നേടിയവരുടേയും നിലവില്‍ ചികിത്സയിലുള്ളവരുടേയും എണ്ണം താഴെ പ്രകാരമാണ്:
മികച്ച ആരോഗ്യമുള്ളയാള്‍ക്ക് കോവിഡിന്റെ പ്രധാന ലക്ഷണങ്ങള്‍ മരുന്നുകള്‍ കഴിക്കുന്നതിലൂടെ തന്നെ മാറുന്നുണ്ട്. എന്നാല്‍ ഓരോരുത്തരുടേയും ശാരീരിക ഘടനയനുസരിച്ച് അസുഖം മാറുന്ന രീതിയും മൂര്‍ഛിക്കുന്ന രീതിയും വ്യത്യാസപ്പെടുന്നു. നേരത്തെ വിവിധ അസുഖങ്ങള്‍ ഉള്ളവരും മരുന്നുകള്‍ കഴിക്കുന്നവരും അത് തുടരണം. ഇത്തരക്കാര്‍ സാധാരണ മരുന്നുകള്‍ പോലും ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ കഴിക്കാവൂ. മാനസികമായി ധൈര്യത്തോടെ ഇരിക്കാനായാല്‍ അസുഖത്തില്‍ വേഗത്തില്‍ കീഴടക്കാനാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം നിലക്ക് മരുന്നുകള്‍ കഴിക്കുന്നത് അപകടം വരുത്തുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടിയാല്‍ വേഗത്തില്‍ രോഗമുക്തി ലഭിക്കും. അലര്‍ജി, ആസ്തമ പ്രശ്നങ്ങള്‍ ഉള്ളവരും ശ്വാസതടസ്സവും ചുമയും ഉള്ളവരും ഡോക്ടര്‍മാരെ ഉടനടി കാണണം. കോവിഡ് പോസിറ്റീവായാല്‍ പോലും ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം വീടുകളില്‍ തുടരാം. കോവിഡ് പരിശോധിക്കാന്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇംഗ്ലീഷിലോ അറബിയിലോ വിവരങ്ങള്‍ ലഭിക്കും. തതമന്‍ എന്ന പുതിയ സംവിധാനം വഴി പ്രധാന നഗരങ്ങളിലെല്ലാം പനിയടക്കമുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 24 മണിക്കൂറും സൌജന്യമായി കോവിഡ‍് ടെസ്റ്റ് ചെയ്യാം. വിവിധ മലയാളി സന്നദ്ധ സംഘടനകളുടെ കീഴില്‍ ഹെല്‍പ്ഡെസ്കുകളും സജീവമാണ്.