കണക്ഷന്‍ വിമാനം കിട്ടിയില്ല: റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ 49 മലയാളി നഴ്‌സുമാരെ മാറ്റിത്തുടങ്ങി 

ഇന്നലെ രാത്രിയോടെ 138 നഴ്‌സുമാരാണ് കൊച്ചിയില്‍ നിന്നും റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയത്

Update: 2020-06-11 14:45 GMT

കൊച്ചിയില്‍ നിന്നും സൗദി അറേബ്യയിലെ റിയാദിലെത്തിയ മലയാളി നഴ്‌സുമാര്‍ക്ക് കെഎംസിസി പ്രവര്‍ത്തകര്‍ക്ക് തുണയായി. ഇന്നലെ രാത്രിയോടെ 138 നഴ്‌സുമാരാണ് കൊച്ചിയില്‍ നിന്നും റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇതില്‍ സൗദിയുടെ വിവിധ സ്ഥലങ്ങളിലേക്ക് എത്തേണ്ടവരുണ്ടായിരുന്നു. എന്നാല്‍ 49 പേരുടെ കാര്യത്തില്‍ യാത്ര പുറപ്പെടുന്ന സമയത്ത് തന്നെ വ്യക്തതയുണ്ടായിരുന്നില്ല. ഇവര്‍ക്ക് വിമാനത്താവളത്തില്‍ എത്തുന്ന മുറക്ക് സംവിധാനമുണ്ടാകുമെന്നായിരുന്നു എംബസിയില്‍ നിന്നുള്ള വിവരമെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ ഇറങ്ങിയതോടെ ബാക്കിയുള്ളവര്‍ വിവിധ കണക്ഷന്‍ വിമാനങ്ങള്‍ വഴി വിവിധ ഭാഗങ്ങളിലേക്ക് പോയെങ്കിലും 49 പേരുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെ ഇവര്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി പുറത്തു കടന്നതോടെ കുടുങ്ങി. സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് എങ്ങിനെ എത്തുമെന്ന സംശയത്തില്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് നില്‍ക്കേണ്ടി വന്നു. യാത്ര പുറപ്പെടുന്ന സമയത്തു തന്നെ വ്യക്തതയില്ലാതിരുന്നതാണ് ഇവര്‍ക്ക് വിനയായത്.

Advertising
Advertising

ഇതോടെ നഴ്‌സുമാര്‍ കെഎംസിസി റിയാദ് പ്രസിഡണ്ട് സിപി മുസ്തഫയെ ബന്ധപ്പെട്ടു.കെഎംസിസി വെല്‍ഫെയര്‍ വിങ് വിഭാഗത്തിലെ സിദ്ദീഖ് തുവ്വൂര്‍, ഹുസൈന്‍ കുപ്പം, മജീദ് പയ്യന്നൂര്‍, മജീദ് പരപ്പനങ്ങാടി മഹബൂബ്, ഷംസു പെരുമ്പറ്റ എന്നിവരുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ നഴ്‌സുമാരെ താല്‍ക്കാലികമായി ഹോട്ടലിലേക്ക് മാറ്റി. കെഎംസിസിയുടെ വനിതാ വിങ് പ്രവര്‍ത്തകര്‍ ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളുമൊരുക്കി. പിന്നീട് ആരോഗ്യ മന്ത്രാലവുമായി ബന്ധപ്പെട്ടതോടെ നഴ്‌സുമാരെ ഇപ്പോള്‍ അവരവരുടെ ആശുപത്രികളിലേക്ക് എത്തിക്കുന്നുണ്ട്.

Tags:    

Similar News