പ്രവാസികള്‍ക്ക് പുതിയ ചട്ടം; സൗദിയില്‍ പ്രതിഷേധം ശക്തം
കടം വാങ്ങിയും മറ്റുമാണ് പലരും ടിക്കറ്റിന് പോലും പണം കണ്ടെത്തുന്നത്. ഇവര്‍ക്ക് മേല്‍ കൂടുതല്‍ ബാധ്യതകള്‍ കെട്ടിവെക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകള്‍ പുനപരിശോധിക്കേണ്ടത് തന്നെയാണ്
ചാർട്ടേഡ് വിമാനങ്ങളിലെത്തുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചട്ടത്തിനെതിരെ സൗദിയിൽ സർക്കാരിനെതിരെ പ്രവാസികളുടെ പ്രതിഷേധം. പുതിയ ചട്ടം അടിയന്തിരമായി നാട്ടിലേക്ക് പോകാനിരിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതാണ്.
വന്ദേ ഭാരത് മിഷന് കീഴിൽ മതിയായ വിമാനങ്ങളില്ലാത്ത സാഹചര്യം സംസ്ഥാന സർക്കാർ ഉൾകൊള്ളണമെന്നും പുതിയ തീരുമാനം ഉടൻ പിൻവലിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.
വന്ദേ ഭാരത് മിഷന് കീഴില്‍ സൗദിയില്‍ നിന്നും കേരളത്തിലേക്ക് മതിയായ വിമാന സര്‍വ്വീസുകളില്ലെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുതിയ ചട്ടം പ്രഖ്യാപിക്കുന്നത്. ഇത് തൊഴില്‍ നഷ്ടപ്പെട്ടും, അടിയന്തിര ചികിത്സക്കും, പ്രസവത്തിനുമൊക്കെയായി നാട്ടിലേക്ക് മടങ്ങാനിരുന്ന ആയിരക്കണക്കിന് പ്രവാസികളെയാണ് പ്രതിസന്ധിയിലാക്കിയത്.
സൗദിയില്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍ ലഭിക്കുവാന്‍ രണ്ട് മുതല്‍ എട്ട് ദിവസം വരെ സമയമെടുക്കുന്നുണ്ട്. പലപ്പോഴും ടെസ്റ്റുകള്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യങ്ങളുമുണ്ട്. ഈ അവസ്ഥയില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധന ഫലം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ഒട്ടും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിന് തന്നെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനിടയില്‍ പരിശോധന ഫലം കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുകയും ചെയ്യും.
മാസങ്ങളായി ജോലിയില്ലാതെ ഭക്ഷണത്തിന് പോലും സാമൂഹിക സംഘടനകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം പ്രവാസികളുണ്ട് നാട്ടിലേക്ക് വരാനിരിക്കുന്നവരില്‍. കടം വാങ്ങിയും മറ്റുമാണ് ഇവര്‍ ടിക്കറ്റിന് പോലും പണം കണ്ടെത്തുന്നത്. ഇവര്‍ക്ക് മേല്‍ കൂടുതല്‍ ബാധ്യതകള്‍ കെട്ടിവെക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകള്‍ പുനപരിശോധിക്കേണ്ടത് തന്നെയാണ്. ജന്മ നാട്ടിലേക്ക് തിരിച്ച് പോകുക എന്നത് ഓരോ പ്രവാസിയുടേയും അവകാശമാണ്. അതിന് സൗകര്യം ചെയ്ത് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.