വന്ദേഭാരത് നാലാം ഘട്ടത്തിലും സൌദിയില്‍ നിന്ന് വിമാനങ്ങള്‍ കുറവ്; ഇരട്ടി നിരക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടില്‍ പ്രവാസികള്‍
എണ്‍പതിനായിരത്തിലേറെ അപേക്ഷകര്‍ സൌദിയിലുണ്ടെങ്കിലും തുടക്കം മുതല്‍ കുറഞ്ഞ എണ്ണം വിമാനങ്ങളാണ് സൌദിക്ക് ലഭിച്ചത്.
വന്ദേഭാരതിന്‍റെ നാലാം ഘട്ടം പ്രഖ്യാപിച്ചപ്പോള്‍ സൌദി അറേബ്യയില്‍ നിന്നും കേരളത്തിലേക്ക് അനുവദിച്ചത് 11 വിമാനങ്ങള്‍ മാത്രം. എണ്‍പതിനായിരത്തിലേറെ അപേക്ഷകര്‍ സൌദിയിലുണ്ടെങ്കിലും തുടക്കം മുതല്‍ കുറഞ്ഞ എണ്ണം വിമാനങ്ങളാണ് സൌദിക്ക് ലഭിച്ചത്. ഇതോടെ ഇരട്ടി നിരക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൌദിയിലെ പ്രവാസികള്‍.
ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകരാണ് സൌദിയില്‍ നിന്നും നാടണയാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ എണ്‍പതിനായിരത്തോളം പേര്‍ മലയാളികള്‍. ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത് 21 വിമാനങ്ങളാണ്. ഈ സമയം യുഎഇയില്‍ നൂറിലേറെ വിമാനങ്ങള്‍ നല്‍കി. നാലാം ഘട്ട ഷെഡ്യൂളിലും സൌദി തഴയപ്പെട്ടു. അനുവദിച്ചത് ആകെ 11 വിമാനങ്ങള്‍. ഇതേ സമയം സൌദിയേക്കാള്‍ പകുതി അപേക്ഷകരുള്ള ബഹ്റൈന് 38 വിമാനങ്ങള്‍ നല്‍കി.
മിഷന് കീഴില്‍ 20000 രൂപ മുതലാണ് നിരക്ക്. എന്നാല്‍ വന്ദേഭാരത് വിമാനങ്ങള്‍ കുറഞ്ഞതോടെ ചാര്‍ട്ടേഡ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൌദി പ്രവാസികള്‍. ഇതിന് ഈടാക്കുന്നത് 40000 മുതലാണ്. കൂടുതല്‍ അപേക്ഷകരുള്ള സൌദിയില്‍ നിന്നും സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് മാത്രം കൂടുതല്‍ അനുമതി നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രവാസി സംഘടനകള്‍ ആരോപിക്കുന്നു. ചാര്‍ട്ടേഡിനൊപ്പം കൂടുതല്‍ വന്ദേഭാരത് വിമാനങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.