കോവിഡ്; സൗദിയില്‍ വിസ, ഇഖാമ ആനുകൂല്യങ്ങളുടെ അന്തിമ പട്ടികയായി
ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്
കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ കാലാവധി സൌജന്യമായി നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക സൗദി പാസ്പോര്‍ട്ട് വിഭാഗം പുറത്തിറക്കി. നാല് വിഭാഗങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇത് വരും ദിവസങ്ങളില്‍ അബ്ഷിര്‍ സിസ്റ്റം വഴി ലഭ്യമാക്കും. സൌദിയിലുള്ളവര്‍ക്ക് സൌജന്യ സേവനം ലഭിക്കില്ല.
ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. റീ എന്‍ട്രിയോ, എക്‌സിറ്റോ അടിച്ച ശേഷം സൗദിയില്‍നിന്ന് പോകാന്‍ കഴിഞ്ഞിട്ടില്ലാത്തവരുടെ റീ എന്‍ട്രി പിഴ കൂടാതെ നീട്ടി നല്‍കും. എന്നാല്‍ ഇവര്‍ക്ക് ഇഖാമയില്‍ കാലാവധിയുണ്ടായിരിക്കണം. നാട്ടില്‍ പോയി വിമാനം റദ്ദാക്കിയത് കാരണം കുടുങ്ങി മടങ്ങി വരാനാകാതെ റീ എന്‍ട്രി വിസാ കാലാവധി തീര്‍ന്നവര്‍ക്കും പിഴ കൂടാതെ നീട്ടിനല്‍കും. നാട്ടില്‍ പോയി കുടുങ്ങി ഇഖാമാ കാലാവധി അവസാനിച്ചവര്‍ക്കും പിഴ കൂടാതെ നീട്ടി നല്‍കും. വിസിറ്റ് വിസ കാലാവധി കഴിഞ്ഞവരുടെ വിസയും പുതുക്കി നല്‍കും എന്നീ നാലു വിഭാഗങ്ങള്‍ക്കാണ് അന്തിമ പട്ടികയനുസരിച്ച് ഇളവുകള്‍ ലഭ്യമാകുക.
ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അബ്ഷിര്‍ വഴി അപേക്ഷ നല്‍കിയിരിക്കണം. നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്ന് ആദ്യ പട്ടികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. നിലവില്‍ ഇഖാമ കാലാവധി പുതുക്കിയവര്‍ക്കെല്ലാം 12 മാസത്തേക്ക് തന്നെയാണ് പുതുക്കി ലഭിക്കുന്നത്. അന്തിമ പട്ടികയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ സൌദിക്കകത്തുള്ളവരുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി പുതുക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.