സൗദിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മൂന്ന് മലയാളികള്‍ കൂടി മരിച്ചു
ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 105 ആയി, ഇന്ന് മരിച്ചവർക്കെല്ലാം 45 വയസ്സിന് താഴെയാണ് പ്രായം
സൗദിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 105 ആയി. ഇന്ന് മരിച്ചവർക്കെല്ലാം 45 വയസ്സിന് താഴെയാണ് പ്രായം. സൌദിയിൽ വിവിധ സ്ഥലങ്ങളിലായി മൂന്ന് മലയാളികളുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മലപ്പുറം ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി അബ്ദുല്‍ ജലീല്‍ ആണ് മരിച്ചവരിൽ ഒരാൾ. കോവിഡ് ചികില്‍സയില്‍ കഴിഞ്ഞു വരുന്നതിനിടെ രോഗം മൂര്‍ച്ചിച്ചാണ് മരണം സംഭവിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. ദമ്മാമില്‍ സ്വകാര്യ വാട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം ദമ്മാമിലുണ്ട്.
കോവിഡ് ചികിത്സയിലിരിക്കെ യാംമ്പുവിൽ ഇന്ന് കൊല്ലം സ്വദേശിയും മരിച്ചു. കൊല്ലത്തെ പുനലൂർ കാര്യറ, തൂമ്പറ സ്വദേശി അമീർഖാനാണ് മരിച്ചത്. ഇദ്ദേഹത്തിന് 45 വയസ്സായിരുന്നു. യാംബുവിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടെ ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ജിദ്ദയിൽ മരിച്ച മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി അരീക്കുളങ്ങര അഷ്റഫിനും കോവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 35 വയസ്സായിരുന്നു അദ്ദേഹത്തിന്. ജിദ്ദയിലെ ബനീ മാലിക്കിലുള്ള താമസ സ്ഥലത്ത് വെച്ച് വ്യാഴാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. മരണ ശേഷ നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തിയതെന്ന് നടപടിക്രമങ്ങൾക്ക് നതൃത്ത്വം നൽകുന്ന ജിദ്ദ കെ.എം.സി.സി വെൽഫയർ വിംങ് അറിയിച്ചു