മക്കയില്‍ പള്ളികളിലെ ഇമാം ജോലിയില്‍ വിദേശികള്‍ക്ക് വിലക്ക്
ചട്ടം ലംഘിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും, മക്ക മസ്ജിദ് കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്
മക്കയില്‍ പള്ളികളിലെ ഇമാം ജോലിയില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചട്ടം ലംഘിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മക്ക മസ്ജിദ് കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മസ്ജിദ് കാര്യ വകുപ്പിന്റെ അംഗീകാരമില്ലാത്ത സ്വദേശികളെ പോലും പള്ളികളില്‍ ഇമാമുമാരായോ, തഹ് ഫീളുൽ ഖുര്‍ആന്‍ അധ്യാപകരായോ നിയമിക്കരുതെന്ന് നേരത്തെ തന്നെ മസ്ജിദ് കാര്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്ക് പകരക്കാരായി വിദേശികളെ താല്‍ക്കാലികമായി ഇതേ ജോലിയില്‍ നിയമിക്കുന്നതിനും വിലക്ക് നിലവിലുണ്ട്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മക്കയിലെ മസ്ജിദുകളിലും, ജുമാ മസ്ജിദുകളിലും ഇമാം തസ്തികയില്‍ വിദേശികളെ പൂര്‍ണ്ണമായും വിലക്കിയതായി മക്ക മസ്ജിദ് കാര്യ വകുപ്പ് അറിയിച്ചത്. കൂടാതെ പള്ളികളില്‍ നടക്കുന്ന തഹ് ഫീളുൽ ഖുര്‍ആന്‍ കാസ്ലുകളില്‍ വിദേശികളെ അധ്യാപകരായി നിയമിക്കുവാനും പാടില്ല. മക്കയിലെ മുഴുവന്‍ പള്ളികളിലും ഇത്തരം ജോലിയില്‍ വിദേശികളില്ലെന്ന് ഉറപ്പ് വരുത്തണന്നും മസ്ജിദ് കാര്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ചട്ടവിരുദ്ധമായി ഏതെങ്കിലും വിദേശികള്‍ ഇത്തരം ജോലി ചെയ്യുന്നതായി അറിവായാല്‍ അക്കാര്യം ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും, ഇവര്‍ക്കെതിരില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മസ്ജിദ് കാര്യ വകുപ്പ് അറിയിച്ചു.