ഹജ്ജിനായി ഹാജിമാര്‍ മക്കയിലെത്തി തുടങ്ങി
മക്കയിലെത്തിയ ഹാജിമാരെ എല്ലാ ദിവസവും മെഡിക്കല്‍ സംഘം പരിശോധിക്കും
ഹജ്ജിന് മുന്നോടിയായി ഹാജിമാര്‍ മക്കയിലെത്തി തുടങ്ങി. മക്കയില്‍ ഹറമിനോട് ചേര്‍ന്നാണ് ഹാജിമാര്‍ക്ക് താമസ സൌകര്യം ഒരുക്കിയിട്ടുള്ളത്. ക്വാറന്റൈന്‍ ലംഘിക്കുന്ന ഹാജിമാരുടെ പെര്‍മിറ്റുകള്‍ റദ്ദാകുന്നുമുണ്ട്. മക്കയിലെത്തിയ ഹാജിമാരെ എല്ലാ ദിവസവും മെഡിക്കല്‍ സംഘം പരിശോധിക്കും.
കര്‍ശന സുരക്ഷയിലാണ് ഹാജിമാരെ ജിദ്ദ വിമാനത്താവളത്തില്‍ നിന്നും മക്കയിലെത്തിച്ചത്. ഹാജിമാരുടെ പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഹറമിനടുത്തുള്ള ഹോട്ടലിലാണ് ഹാജിമാരുടെ താമസം. ഈ മാസം 28നാണ് ഹാജിമാര്‍ മിനായിലേക്ക് നീങ്ങുക. 29നാണ് ഹജ്ജിന് തുടക്കം. ഇതിനു മുന്നോടിയായി ഉംറ കര്‍മം നിര്‍വഹിക്കാം. വ്യത്യസ്ത സമയങ്ങളിലായി ഇതിന് ഹാജിമാര്‍ക്ക് ഹറമില്‍ പ്രവേശിക്കാം.
ഓരോ ദിവസവും ഹാജിമാര്‍ക്ക് മെഡിക്കല്‍ പരിശോധനയുണ്ടാകും. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് ഹാജിമാരെ മക്കയിലെത്തിക്കുന്നത്. ക്വാറന്റൈന്‍ തുടരുന്ന കാര്യം പരിശോധിക്കാന്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഉണ്ട്. ഇതിനാല്‍ തന്നെ, ക്വാറന്റൈന്‍ ലംഘിച്ച ചിലരുടെ അനുമതിയും റദ്ദായി.