വികാര നിര്‍ഭരമായ മനസ്സോടെ ഹജ്ജിന് തുടക്കം കുറിച്ച് ഹാജിമാര്‍
കോവിഡ് സാഹചര്യത്തില്‍ ഹറമിന്റെ മുറ്റത്തെത്തിയ ഹാജിമാര്‍ വിങ്ങിപ്പൊട്ടി, ത്വവാഫിന് ശേഷം സഫാ മര്‍വാ പ്രയാണവും ഹാജിമാര്‍ പൂര്‍ത്തിയാക്കി
വികാര നിര്‍ഭരമായ മനസ്സോടെ ഹജ്ജിന് തുടക്കം കുറിച്ച് ആയിരത്തിലേറെ ഹാജിമാര്‍ കഅബയെ വലയം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ ഹറമിന്റെ മുറ്റത്തെത്തിയ ഹാജിമാര്‍ വിങ്ങിപ്പൊട്ടി. ത്വവാഫിന് ശേഷം സഫാ മര്‍വാ പ്രയാണവും ഹാജിമാര്‍ പൂര്‍ത്തിയാക്കി. ചരിത്രത്തില്‍ ആദ്യമായി രണ്ട് മീറ്റര്‍ അകലം പാലിച്ചായിരുന്നു കര്‍മങ്ങള്‍. ഹജ്ജുണ്ടാകില്ലേയെന്ന് വിശ്വാസികള്‍ ശങ്കിച്ചു നിന്ന സമയം. അതിനൊടുവിലാണ് ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രഖ്യാപനം. അതിനാല്‍ തന്നെ, അപ്രതീക്ഷിതമായി അവസരം ലഭിച്ച്, ഹറമിന്റെ ചാരത്ത് ബസ്സിറങ്ങിയ ഈ ഹാജിമാരുടെ നെഞ്ചിലും വിങ്ങലേറെയുണ്ടായിരുന്നു.
ഹറമിനകത്തേക്ക് പ്രവേശിച്ച് കഅ്ബ കണ്ട ഹാജിമാര്‍ക്ക് തേങ്ങലടക്കാനായില്ല. മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോകത്തിനു വേണ്ടിയവര്‍ വിങ്ങിപ്പൊട്ടി. ഏറെ നേരം അവര്‍ നാഥന് മുന്നില്‍ സുജൂദില്‍ കിടന്നു. പിന്നെ ഹൃദയം സൃഷ്ടാവിന് സമര്‍പ്പിച്ചവര്‍ കഅ്ബയുടെ മുറ്റത്തേക്കിറങ്ങി.
മാസങ്ങള്‍ക്ക് ശേഷം മാലാഖമാര്‍ കൂട്ടത്തോടെ കഅ്ബക്കരികെ ഒന്നിച്ചിറങ്ങിയ പോലെയുള്ള കാഴ്ച. നിന്റെ വിളിക്കുത്തരം നല്‍കി ഞാനെത്തിയിരിക്കുന്നു നാഥാ. എന്നര്‍ഥം വരുന്ന ലബ്ബൈക്ക് വിളികളുമായി കഅ്ബയെ അവര്‍ വലം വെച്ചു. സൂചികുത്താനിടമില്ലാത്ത വിധം തിങ്ങി നീങ്ങാറുള്ള ഹറമിന്റെ മുറ്റത്തവര്‍ അകലം പാലിച്ച് വലയം പൂര്‍ത്തിയാക്കി. കഅ്ബക്കരികില്‍ വേലി തീര്‍ത്തായിരുന്നു ഇത്തവണ ത്വവാഫ്. സഫാ മര്‍വാ പ്രയാണവും ഹാജിമാര്‍ അകലം പാലിച്ച് പൂര്‍ത്തിയാക്കി. കഅ്ബയൊന്ന് തൊടാനും ഹജറുല്‍ അസ്‌വദിനെ മുത്താനും അവര്‍ കൊതിച്ചിരുന്നു. ഇത്തവണ പക്ഷേ, ഈ കാഴ്ച പോലും ലോകം പ്രതീക്ഷിച്ചതല്ല. അതിനാലവര്‍ നാഥനോടും എല്ലാം സൌജന്യമായിരൊക്കിയ ഭരണകൂടത്തോടും നന്ദി പറഞ്ഞ് മിനായിലേക്ക് മടങ്ങി.