ചരിത്ര നിമിഷമായി അറഫാ സംഗമം; കോവിഡ് സാഹചര്യത്തില്‍ പങ്കെടുത്തത് ആയിരത്തിലേറെ പേര്‍ മാത്രം

കോവിഡ് സാഹചര്യത്തില്‍ ആയിരത്തിലേറെ പേര്‍ മാത്രമാണ് ഹജ്ജില്‍ പങ്കെടുത്തത്. ഇതിനാല്‍ തന്നെ ചരിത്രത്തിലാദ്യമായി എല്ലാ ഹാജിമാര്‍ക്കും നമിറാ പള്ളിക്കകത്ത് തന്നെ ഇരിക്കാനായി

Update: 2020-07-30 19:14 GMT

ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ചരിത്ര നിമിഷമായി. കോവിഡ് സാഹചര്യത്തില്‍ ആയിരത്തിലേറെ പേര്‍ മാത്രമാണ് ഹജ്ജില്‍ പങ്കെടുത്തത്. ഇതിനാല്‍ തന്നെ ചരിത്രത്തിലാദ്യമായി എല്ലാ ഹാജിമാര്‍ക്കും നമിറാ പള്ളിക്കകത്ത് തന്നെ ഇരിക്കാനായി. മഹാമാരിയുടെ പരീക്ഷണങ്ങളെ വിശ്വാസം കൊണ്ട് മറികടക്കണമെന്ന് അറഫാ പ്രഭാഷണം നടത്തിയ സൌദി ഉന്നതപണ്ഡിത സഭാംഗം പറഞ്ഞു.

ഉച്ചക്ക് കൃത്യം 12.30. അറഫയിലെ മസ്ജിദു നമിറയില്‍ അറഫാ പ്രഭാഷണം തുടങ്ങി. പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് സൗദിയിലെ പണ്ഡിത സഭാംഗം ശൈഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽ മനീഅയാണിത് നിര്‍വഹിച്ചത്. മഹാമാരിയുടെ പ്രതിസന്ധിയെ വിശ്വാസത്തിന്റെ കരുത്ത് കൊണ്ട് അതി ജയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഭാഷണത്തിന് ശേഷം ഹാജിമാര്‍ ളുഹര്‍ അസര്‍‌ നമസ്കാരങ്ങള്‍ ഒന്നിച്ച് നിര്‍വഹിച്ചു.

ആയിരത്തിലേറെ പേരാണ് ഹജ്ജിനായി അറഫയിലെത്തിയത്. സൌദിയില്‍ താമസക്കാരായ 160 രാജ്യങ്ങളുടെയും പ്രാതിനിധ്യം ഹജ്ജിലുണ്ട്. നമിറാ പള്ളിയും കവിഞ്ഞൊഴുകാറുള്ള ഹജ്ജില്‍ ഇത്തവണ പള്ളിക്കകത്തേക്ക് മാത്രമായി അറഫാ പ്രഭാഷണത്തിലെ ശ്രോതാക്കള്‍ ചുരുങ്ങി. ഇവരെ മുഴുവന്‍ സമയവും നിരീക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകരുണ്ടായിരുന്നു. ലോക മുസ്ലിംകള്‍ അറഫാ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് നോമ്പനുഷ്ടിച്ചിരുന്നു.

Tags:    

Similar News