ഹാജിമാരെത്തും മുൻപേ അത്തര്‍ പൂശി കാത്തിരിപ്പാണ് കഅ്ബാലയം
കഴിഞ്ഞ പെരുന്നാളിന് ഹറമിന്റെ മുറ്റത്ത് ജീവനക്കാര്‍ മാത്രമാണ് എത്തിയിരുന്നത്. ഇത്തവണ ത്വവാഫിനായി ഹാജിമാരെത്തുന്നതിന് അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് കഅ്ബ.
ഹാജിമാരെത്തും മുൻപേ അത്തര്‍ പൂശി കാത്തിരിപ്പാണ് കഅ്ബാലയം. കഴിഞ്ഞ പെരുന്നാളിന് ഹറമിന്റെ മുറ്റത്ത് ജീവനക്കാര്‍ മാത്രമാണ് എത്തിയിരുന്നത്. ഇത്തവണ ത്വവാഫിനായി ഹാജിമാരെത്തുന്നതിന് അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് കഅ്ബ. കഴിഞ്ഞ പെരുന്നാളിന് ഹറമിന്റെ വാതിലുകള്‍ അടഞ്ഞു. അത്തറിന്റ മണമില്ലാത്ത മതാഫിന് നടുവില്‍ കഅ്ബ ഒറ്റക്കായിരുന്നു. ഇത്തവണ പക്ഷേ ശരിക്കും പെരുന്നാളാണ്.
കിളികള്‍ സന്തോഷത്തോടെ കഅ്ബയെ വലം വെച്ച് പറക്കുന്നുണ്ട്. അല്ലാഹുവിന്റെ വിളികേട്ടെത്തിയ അതിഥികള്‍. ഹാജിമാര്‍ വരികയാണിന്ന്. അതിനാല്‍ അത്തര്‍ പുരട്ടി ഒരുങ്ങി കാത്തിരിപ്പാണ് കഅ്ബാലയം.
അല്ലാഹുവിന്‍റെ കല്‍പന കേട്ട് മകന്‍ ഇസ്മാഈലിനെ ബലിനല്‍കാനൊരുങ്ങി ഇബ്രാഹിം നബി. വഴിമുടക്കാന്‍ നോക്കിയ പിശാചിനെ നബി കല്ലെറിഞ്ഞോടിച്ചു. ത്യാഗം ബോധ്യപ്പെട്ട അല്ലാഹു ഒരാടിനെ അറുത്താല്‍ മതിയെന്ന് നബിയോട് കല്‍പിച്ചു. ഏത് പ്രതിസന്ധിയിലും പതറിപ്പോകരുതെന്ന ഓര്‍മ പുതുക്കല്‍ കൂടിയാണ് വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍. ആ നിമിഷം മനസ്സിലോര്‍ത്ത് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ഹാജിമാരെത്തും. അവരെ സ്വീകരിക്കാന്‍ ഊദിന്റെ പുക പരക്കുന്നുണ്ട് കഅ്ബയുടെ മുറ്റത്ത്.
ഇബ്രാഹിം നബി പുതുക്കി പണിത അല്ലാഹുവിന്‍റെ ഭവനം കോവിഡ് കാലത്തും ഉജ്ജ്വലമായി തീര്‍ഥാടകരെ കാത്ത് നില്‍ക്കുന്നു. നടക്കില്ലെന്ന് എല്ലാവരുമുറപ്പിച്ച ഇത്തവണത്തെ ഹജ്ജ് കാലത്തും പെരുന്നാള്‍ സന്തോഷത്തോടെ.